കൃഷ്ണാ നിന്നോര്‍മ്മയിലലിയുന്നു മനമിന്നും
തേടുന്നു കൃഷ്ണാ ഞാന്‍ എന്നില്‍ നിന്നെ
വാസന്ത രാവില്‍ നീ വിരല്‍ ചേര്‍ത്തുണര്‍ത്തുന്ന
പുല്ലാങ്കുഴലുമുറങ്ങിയല്ലോ
തന്ത്രികള്‍ പൊട്ടിയ വല്ലകി പോലെ ഞാന്‍
നിന്നോര്‍മ്മയില്‍ ചാഞ്ഞലിഞ്ഞിടുമ്പോള്‍
ഒരു മയില്‍പ്പീലി വന്നെന്നിടം കവിളില്‍
മൃദുവായ്ത്തലോടിയകന്നിടുമ്പോള്‍
പിടയുന്ന കണ്ണുകള്‍ നിന്‍ വഴിത്താരയില്‍
തേടിയലഞ്ഞു തളര്‍ന്നു പോയി.
വിജനമാം വീഥിയില്‍ കുസൃതിച്ചിരിയുമാ-
യൊളിയുന്നുമില്ല നീയെന്നു കണ്ടു
ഒളിമങ്ങിയിമതാഴ്ന്നു നനവാര്‍ന്നു മൂകമായ്
വേപഥു പൂണ്ടങ്ങു തേങ്ങി നിന്നു
ഒരു കരിമുകിലിന്റെ കരുണാര്‍ദ്ര ബിന്ദു വ-
ന്നെന്‍ മിഴിപ്പീലിയില്‍ തങ്ങിടുമ്പോള്‍
അറിയുന്നു ഞാന്‍ ഘനശ്യാമ നിന്നാര്‍ദ്രമാം
മിഴിയിതളെന്നെ തഴുകുന്നതായ്
കനവിലും നിനവിലും നിന്നോര്‍മ്മ സാന്ദ്രമായ്
ഓരോ നിറച്ചാര്‍ത്തണിഞ്ഞിടുമ്പോള്‍
മാധവം വന്നണഞ്ഞെന്നു മലരുകള്‍
പാതി ചിരിച്ചുമൊഴിഞ്ഞിടുമ്പോള്‍
മാനസമൊരു മാത്ര പുളകമണിഞ്ഞതി-
ലുലയുന്നു വനമാലി, പീതാംബരം
നറുചന്ദനത്തെന്നലിന്‍ വിരല്‍ത്തുമ്പുക-
ളെന്നെത്തഴുകിയൊഴുകിടുമ്പോള്‍
അറിയാതെയെന്നുള്ളില്‍ തരളമാമൊരു കോണില്‍
അരുണിമ പടരുന്നതെന്തിനാവോ
മുഗ്ദ്ധസ്വപ്നത്തില്‍ പടര്‍ന്നോരാ കുങ്കുമം
നിന്നംഗരാഗസുഗന്ധമേല്പൂ
സന്ധ്യ മയങ്ങിയ നേരത്തു ഞാനന്നീ
നീലക്കടമ്പിന്‍ ചുവട്ടില്‍ നില്‍ക്കെ
എന്മുഖം തെല്ലൊന്നുയര്‍ത്തി നോക്കി, നേര്‍ത്ത
പരിഭവം ചേര്‍ത്തൊരു കാളിമ നീ
മന്ദഹാസത്താല്‍ തുടച്ചെടുത്തു,പിന്നെ
പ്രണയാര്‍ദ്രമെന്തെന്തോ കാതിലോതി
യമുനയില്‍ കുളിരാര്‍ന്നൊരോളങ്ങളില്‍ കാലി-
ളക്കി നാമന്നൊരു കല്പടവില്‍
രാപ്പൂക്കള്‍ പൂത്തൊരുങ്ങുന്നൊരു വേളയില്‍
പറയാതെയെല്ലാം പറഞ്ഞിരുന്നു
നിഴലും നിലാവുമായിട കലരുന്നൊരു
പാര്‍വ്വണം പെയ്യുന്ന യാമിനിയില്‍
ഹൃദയത്തുടിപ്പുകളൊന്നിച്ചു ചേര്‍ന്നൊരു
സുഖദമാം നിമിഷങ്ങളോര്‍മ്മയായി.
ഏകാന്തമായ് നീറുമെന്റെ ലതാഗൃഹം
വാടിക്കരിഞ്ഞു പാഴായിടുന്നു .
നിന്‍ ശ്യാമമേനി തന്‍ കുളിരൊന്നണിയാതെ
കാളിന്ദി കേഴുന്നു മൂകയായി
മുരളികാനാദമകന്നു വൃന്ദാവനം
വിജനമായ് തപ്തമായ് നീറിടുമ്പോള്‍
നീലക്കടമ്പിന്റെ പൂക്കളും വാടുമ്പോളക-
താരില്‍ നവനീതമുരുകിടുമ്പോള്‍
അറിയുന്നു കണ്ണാ, വരില്ല നീ, യെങ്കിലും
അകലേയ്ക്കു നീളുന്നിതെന്റെ കണ്‍കള്‍
ഒരു മുളന്തണ്ടിന്റെയീണത്തിലൊഴുകാതെ
രാസനൃത്തങ്ങളിലൊന്നിച്ചലിയാതെ
ഹരിചന്ദനത്തിന്റെ ഗന്ധമറിയാതെ
നിന്മൊഴി കേള്‍ക്കാതെ നിന്മുഖം കാണാതെ
ഉള്ളിലും ചുഴലെയും നീ നിറയുമ്പോള്‍ , ഞാ-
നെവിടേയ്ക്കു പോകുവാനാണ് കണ്ണാ
നിഴല്‍ തന്റെ രൂപത്തെയെന്ന പോല്‍ ,നിന്നെ മറ്റെ -
വിടെയും തേടുവാനില്ലെനിയ്ക്ക്
സ്നിഗ്ദ്ധമീ മധുരിയ്ക്കുമോര്‍മ്മകള്‍ കൈ വെടിഞ്ഞെ-
ന്നേയ്ക്കുമകലാന്‍ നിനക്കാകുമോ
കൃഷ്ണാനുരാഗിണി ഞാന്‍ നിന്റെയോര്‍മ്മയില്‍
ഒരു മാത്ര പിന്‍വിളിയാവുകില്ലേ
തളരുമെന്നന്തരാത്മാവിലെയുണ്മയ്ക്കൊ-
തുങ്ങുവാന്‍ നീയഭയമരുളുകില്ലേ
ഒരു തീര്‍ത്ഥകണിക പോല്‍ നിന്നിലലിയുവാനി-
ത്തിരിപ്പൂ പോലെ കാല്‍കളില്‍ വീഴുവാന്‍
നിന്നില്‍ ലയിയ്ക്കുവാന്‍ വെമ്പുന്നോരാത്മാവ്
കാത്തിരിയ്ക്കുന്നുണ്ടിവിടെ നിത്യം
കൃഷ്ണാ നിന്നോര്‍മ്മയിലലിയുന്നു മാനസം
തേടുന്നു കൃഷ്ണാ ഞാന്‍ എന്നില്‍ നിന്നെ
ഒരു കണ്ണുനീര്‍ത്തുള്ളി പോലും പൊഴിയ്ക്കാതെ
മനമൊരു വേളയിടറാതെയും
ഓരോ നിമിഷവും നിന്നിലേയ്ക്കര്‍പ്പിച്ചു
കാത്തിരിയ്ക്കുമ്പോളറിയുന്നു ഞാന്‍
ജന്മാന്തരങ്ങള്‍ക്കുമപ്പുറത്തൊരു സുകൃത
ബന്ധുര നിമിഷത്തില്‍ നീയണയും
അവസാന നാദമായ്, സ്പര്‍ശമായ്, സ്പന്ദമായ്
നിന്നിലെന്നാത്മാവലിഞ്ഞു ചേരും
അണയാതെ ഞാനെന്റെയാത്മാവില്‍ സൂക്ഷിച്ച
നിറദീപം നിന്നിലണഞ്ഞിടുമ്പോള്‍
അന്നെന്റെ രാഗം സഫലമാകും, കൃഷ്ണാ
താന്തമീ ജന്മം സഫലമാകും.