വരിക തോഴരേ വേഗം വരിക
സമയമില്ലിനി യാത്ര തീരാറായ്
നിറയെ പൂത്തു വിടര്‍ന്നു നിന്നീടുക
അന്തിയായിനി ഇരുളു വീഴുംമുമ്പേ
ഇത്തിരി നേരമീദൂരമൊന്നിയ്ക്കാം
ഉണ്ടു കണ്മുന്നിലുല്ലസിയ്ക്കുന്നു
മുഗ്ദ്ധമായി സുഗന്ധിയാം പൂക്കള്‍
എന്തുമെല്ലാതുമേകി ഞാനെന്നും
എന്റെതെന്നു നിനച്ചൊരു പൂക്കള്‍
സ്നേഹഗന്ധിയെന്നോര്‍ത്തു പോയ് പക്ഷെ
കേവലം വിഷപുഷ്പങ്ങളത്രേ
ഉള്ളതേറെ കൊടുത്തുപോയെന്നിട്ടും
പിന്നെ വീണ്ടും കവര്‍ന്നതുമില്ലയോ
ഒന്നുമേകുവാനില്ലിനി കൈകളില്‍
നിസ്വരല്ലല്ലോ പിന്നെന്തിനേകുന്നു
എന്നിലൊന്നിനി മാത്രമായ് ശേഷിപ്പൂ
ഏറ്റുവാങ്ങുവാനാരുമില്ലാത്തൊരു
വ്യര്‍ത്ഥമെങ്കിലും ഞാന്‍ കാത്തുവെച്ചൊരു
കേവലം സ്നേഹലീനമാം മാനസം
പകരുവേനിനി തേനായി നിങ്ങളില്‍
വരിക പൂക്കളായ് ചുറ്റും നിരക്കൂ
എന്തിനു വേണ്ടി വന്നുവെന്നോതാതെ
എന്തിനേ കാത്തുനില്പുവെന്നോതാതെ
എന്തിനോ വേണ്ടി പൂത്തൊരീ പൂക്കളില്‍
എന്‍റെ പാട്ടിന്റെ തേന്‍ നിറയ്ക്കട്ടെ
മുറുകിനില്‍ക്കുമീ തന്ത്രികള്‍ പൊട്ടാന്‍
ശാന്തമൂകമാമേകമാത്രയേ വേണ്ടൂ
ഇത്തിരി നേരമേയുള്ളൂവെങ്കിലും
ഇത്തിരി ദൂരം മാത്രമാണെങ്കിലും
ഇടറിനീങ്ങുന്ന ചോടൊന്നു മാത്രം
പിടയുമീ ചുടുവീര്‍പ്പൊന്നു മാത്രം
നോവുണങ്ങാത്ത യാത്രയില്‍ ശേഷിയ്ക്കെ
ശാന്തിമന്ത്രമോതിയാ മാത്രയിങ്ങെത്തേ
മിറ്റു തേനെന്‍റെ തോഴരേ നിങ്ങളില്‍

No comments:
Post a Comment