(കുട്ടിക്കവിത)
ഉണ്ണീ ഉണ്ണീ പൊന്നുണ്ണീ
എന്നുണ്ണിയ്ക്കെന്തു വേണമിപ്പോള്‍
ഉണ്ണീടെ നെറ്റിയിലുമ്മ വേണം
അമ്മ തരാലോ പൊന്നുമ്മ
പൊന്നുണ്ണിയ്ക്കിനിയെന്തു വേണം
നെയ്യും കൂട്ടീട്ടു മാമു വേണം
ഊണു കഴിഞ്ഞിട്ടെന്തു ചെയ്യും
അമ്മ മടിയില്‍ ചായുറങ്ങും
ഉറങ്ങിയെയെണീറ്റിട്ടെന്തു വേണം
കുമ്പ നിറയെ പാലു വേണം
പാലു കുടിച്ചിട്ടെന്തു വേണം
ഉണ്ണിയ്ക്ക് നെയ്യപ്പം തിന്നേണം
ആരുണ്ടാക്കും നെയ്യപ്പം
മുത്തശ്ശിയുണ്ടാക്കും നെയ്യപ്പം
നെയ്യപ്പം തിന്നിട്ടെന്തു ചെയ്യും
പാടത്ത് കിളികളെ കാണേണം
ആരുടെ കൂടെ പോകുമുണ്ണീ
മുത്തശ്ശന്‍ പാടത്ത് കൊണ്ടുപോകും
പിന്നെയെന്നുണ്ണിയ്ക്കെന്തു വേണം
നന്നായി മുങ്ങിക്കുളിയ്ക്കേണം
ആര് കുളിപ്പിയ്ക്കുമെന്നുണ്ണിയെ
അച്ഛന്‍ തന്നെ കുളിപ്പിയ്ക്കും
മുങ്ങിക്കുളിച്ചിട്ടെന്തു ചെയ്യും
കുളി കഴിഞ്ഞമ്പലത്തില്‍ പോണം
അമ്പലത്തില്‍ പോയിട്ടെന്തു ചെയ്യും
ഉണ്ണിക്കണ്ണനെ കാണുമല്ലോ
ഉണ്ണിക്കണ്ണനെ കാണുമെന്നോ
ആരാണുണ്ണിയീ ഉണ്ണിക്കണ്ണന്‍
പീലി മുടിയില്‍ , കൈയിലോടക്കുഴല്‍
മഞ്ഞപ്പട്ടുടുപ്പുണ്ടല്ലോ
പാലു കുടിക്കും വെണ്ണയും തിന്നും
അമ്പാട്ടിയാണീയുണ്ണിക്കണ്ണന്‍
ഉണ്ണിക്കണ്ണനോടെന്തു ചൊല്ലും
ഉണ്ണിയെ.................................
കണ്ണനാക്കേണമേ എന്നു ചൊല്ലും !
No comments:
Post a Comment