Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Wednesday, June 11, 2014

അഗ്നിപുത്രി, എന്നിട്ടും.....?


                            

                  യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവത ’ എത്രയോ പ്രാവശ്യം നാം ആവര്‍ത്തിച്ചു കേട്ടിട്ടുള്ളതാണിത് . അതിന്റെ വിപരീതാവസ്ഥ ചുറ്റും പലപാടരങ്ങേറു മ്പോള്‍ ഈ വാക്കുകള്‍ കൂടുതല്‍ പ്രസക്തമായിക്കൊണ്ടിരിയ്ക്കുന്നു. പുരാണങ്ങളും വേദങ്ങളുമൊക്കെ സ്ത്രീയ്ക്ക്‌ നല്‍കേണ്ട പ്രാധാന്യത്തെപ്പറ്റി ഉപദേശിച്ചു തന്നിട്ടുണ്ട്. പ്രമാണങ്ങളാക്കി ഊന്നിപ്പറയാനും , ആലങ്കാരികമായി അവതരിപ്പിയ്ക്കാനുമൊക്കെയുള്ള വാക്കുകള്‍ എന്നതിനപ്പുറം സമൂഹം എന്ത് പ്രാധാന്യമാണീ വാക്കുകള്‍ക്കു നല്‍കുന്നത് ? ഇന്നെന്നല്ല പുരാണകാലത്തു പോലും അങ്ങനെയൊന്നുണ്ടായിട്ടില്ല എന്നുള്ളതിന് പ്രധാന പുരാണ സ്ത്രീ കഥാപാത്രങ്ങള്‍ തന്നെ സാക്ഷ്യം നില്‍ക്കുന്നു. ഇവരില്‍ സര്‍വ്വകാല പ്രസക്തിയോടെ വേറിട്ടു നില്‍ക്കുന്ന ഒരു കഥാപാത്രമുണ്ട്. രാജകുമാരിയും, രാജ്ഞിയുമൊക്കെയായി ഐശ്വര്യങ്ങളുടെ നടുവില്‍ നിന്നിട്ടും ഏറ്റവുമധികം ദുരിതങ്ങള്‍ പുരുഷപക്ഷത്ത് നിന്നേല്‍ക്കേണ്ടി വന്ന , ധൈര്യവും തന്റേടവുമൊക്കെയുണ്ടായിട്ടും ചുവടുറപ്പിച്ചു നില്‍ക്കാന്‍ ഏറെ പാടുപെടേണ്ടി വന്നവള്‍ - ദ്രൌപദി . ദ്രോണരില്‍ നിന്നും തനിയ്ക്കേററ അപമാനത്തിനു പകരം വീട്ടാന്‍ യാഗം നടത്തിയ ദ്രുപദന് യാഗാഗ്നിയില്‍ നിന്നും ലഭിച്ച മക്കളാണ് ധൃഷ്ടദ്യുമ്നനും ദ്രൌപദിയും . 


“നാരിമാര്‍ മണിയാം കൃഷ്ണ പാരില്‍ ക്ഷത്രം മുടിപ്പവള്‍ 
സുരകാര്യം ചെയ്യുമിവള്‍ പരം കാലേ സുമദ്ധ്യമ
ഇവള്‍ മൂലം കൌരവര്‍ക്കു കൈവരും പെരുതാം ഭയം”

എന്നൊരശരീരി ദ്രൌപദിയുടെ ജനനസമയത്ത് ഉണ്ടായത്രേ.ഈ പ്രത്യേകതകള്‍ കാരണമാകാം അന്നത്തെ മറ്റു സ്ത്രീകളില്‍ നിന്നും അവള്‍ വ്യത്യസ്തയായത്‌. കുന്തിയുടേയോ ഗാന്ധാരിയുടേയോ ക്ഷമ ദ്രൌപദിയ്ക്കില്ല .  യാഗാഗ്നിയിലെയും അശരീരിയിലെയുമൊക്കെ അമാനുഷികതലം മാറ്റി ക്കഴിഞ്ഞാല്‍ ദ്രുപദന്റെ മനസ്സിലെ പ്രതികാരാഗ്നിയില്‍ നിന്ന് ജനിച്ചവളാണ് അവളെന്നും അതിനാല്‍ അതിന്റെ തീക്ഷ്ണത അവളുടെ സ്വഭാവത്തിനുണ്ടാകുമെന്നും കരുതണം.

അഭിമാനബോധവും ധൈര്യവും വീര്യവുമെല്ലാമുണ്ടായിട്ടും ദ്രൌപദിയ്ക്കനുഭവിയ്ക്കേണ്ടി വന്നത്  കടുത്ത അപമാനങ്ങളാണ്. പാണ്ഡവപത്നിയായപ്പോള്‍ തൊട്ട് അവള്‍ക്കു ദുരിത ങ്ങളുടെ കാലം തുടങ്ങി. അഞ്ചു ഭര്‍ത്താക്കന്മാരെ വരിയ്ക്കേണ്ട അവസ്ഥ, ദ്യൂതസഭയില്‍ പണയപ്പണ്ടമായത്, വസ്ത്രാക്ഷേപം, വനവാസം, അജ്ഞാത വാസം,ജയദ്രഥനില്‍ നിന്നും കീചകനില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന അപമാനം, യുദ്ധത്തില്‍ സഹോദരങ്ങളു ടെയും മക്കളുടെയും മരണം – തുടങ്ങി ജീവിതത്തിന്റെ ഭൂരിഭാഗവും കനത്ത ദുഃഖങ്ങളും കടുത്ത ദുരിതങ്ങളും തന്നെയാണ് അവര്‍ക്കനുഭവിയ്ക്കേണ്ടി വന്നത്. സമ്പന്നമായ  ദ്രുപദ രാജധാനിയില്‍ സര്‍വ്വൈശ്വര്യങ്ങലോടും കൂടിയാണ്  ദ്രൌപദി വളര്‍ന്നത്. രാജവംശ ത്തിന്റെ കുലീനതയും പ്രൌഢിയും ക്ഷാത്രവീര്യവും അവളുടെ വ്യക്തിത്വത്തിന്റെ ഒരു ഭാഗം തന്നെയാണ്. തന്റെ നേര്‍ക്കുണ്ടായ ഓരോ അനീതിയോടും, അത് ചെയ്തവരാരായാലും അവള്‍ പ്രതികരിച്ചിട്ടുണ്ട്. വസ്ത്രാക്ഷേപവേളയില്‍ തന്നെ പണയം വെച്ച യുധിഷ്ഠിരനെ ചോദ്യം ചെയ്യാന്‍ മടിച്ചില്ല – വിജ്ഞാനികളായ പ്രമുഖര്‍ക്കുത്തരം പറയാന്‍ കഴിയാത്ത ചോദ്യം ! വനവാസവേളയില്‍ തങ്ങള്‍ക്കവകാശപ്പെട്ടതെല്ലാം തിരിച്ചുപിടിയ്ക്കാന്‍ നിബന്ധനപ്രകാരമുള്ള പതിമൂന്നു വര്‍ഷം കഴിയണമെന്ന യുധിഷ്ഠിരന്റെ നയത്തെ ശക്തമായി എതിര്‍ത്തു. തങ്ങള്‍ക്കീ അനര്‍ഹമായ ദുരിതങ്ങള്‍ നല്‍കിയ വിധിയെപ്പോലും നിന്ദിച്ചു . തന്നെ അപഹരിയ്ക്കാന്‍ ശ്രമിച്ച ജയദ്രഥനെ ദുശ്ശളയുടെ ഭര്‍ത്താവെന്നോര്‍ത്ത്  വിട്ടയച്ച യുധിഷ്ഠിരന്റെ അഭിപ്രായത്തോട് യോജി യ്ക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. അജ്ഞാതവാസക്കാലത്ത്  തന്നെ അപമാനിയ്ക്കാനൊരുങ്ങിയ കീചകനെ സന്ദര്‍ഭങ്ങ ളെല്ലാം പ്രതികൂലമായിരുന്നിട്ടും കൊല്ലുക തന്നെ വേണമെന്നവള്‍ ശഠിച്ചു. യുദ്ധത്തിനു വൈമുഖ്യം കാണിച്ച ഭര്‍ത്താക്കന്മാര്‍ക്ക് നിശിതമായ വാക്കുകള്‍ കൊണ്ടു തന്നെ പ്രേരണ നല്‍കി. തന്റെ സഹോദരനേയും മക്കളേയും ചതിച്ചു കൊന്ന ദ്രൌണിയുടെ ചൂഡാമണി തനിയ്ക്ക് നേടിത്തരണമെന്നവള്‍ നിഷ്ക്കര്‍ഷിച്ചു – ഇങ്ങനെ വിട്ടുവീഴ്ചയില്ലാതെ പെരുമാറിയവളാണ് ദ്രൌപദി.

അഞ്ചു ഭര്‍ത്താക്കന്മാരെ സ്വീകരിയ്ക്കേണ്ടി വന്നപ്പോഴത്തെ ദ്രൌപദിയുടെ ചിത്തവൃത്തി യെക്കുറിച്ച്  കഥയിലൊന്നും പറയുന്നില്ല. അതവളുടെ വിധിയാണെന്നതിനു ഒരു മുജ്ജന്മകഥ നിബന്ധിച്ചിട്ടുണ്ട്. കഥയിലെവിടേയും എടുത്തുപറയുന്നില്ലെങ്കിലും അര്‍ജ്ജുനാനുരാഗിണിയായിരുന്നു ദ്രൌപദി എന്നൂഹിയ്ക്കാം. മഹാപ്രസ്ഥാനവേളയില്‍ ദ്രൌപദി തളര്‍ന്നു വീണപ്പോള്‍ യുധിഷ്ഠിരന്‍ ഭീമനോടത് പറയുന്നുമുണ്ട്. ബഹുഭര്‍ത്തൃത്വ   ത്തിന്റെ  കാര്യം പറഞ്ഞാണ്  ദ്യൂതസഭയില്‍ കര്‍ണ്ണന്‍  ദ്രൌപദിയെ നിന്ദിച്ചത് . ദ്രൌപദി സ്വയം അക്കാര്യം പറഞ്ഞ് ക്രുദ്ധയാവുകയോ വിലപിയ്ക്കുകയോ ചെയ്യുന്നില്ല. ബഹുഭര്‍ത്തൃത്വം അക്കാലത്ത് പതിവല്ലെങ്കിലും അപൂര്‍വ്വമല്ലെന്നു യുധിഷ്ഠിരന്‍ പറയുന്നുമുണ്ട്.

ഏറ്റവും നിര്‍ഭാഗ്യവതിയായ രാജ്ഞി മാത്രമല്ല , ഏറ്റവും തെറ്റിദ്ധരിയ്ക്കപ്പെട്ട , വിമര്‍ശി യ്ക്കപ്പെട്ട സ്ത്രീകഥാപാത്രം കൂടിയാണ് ദ്രൌപദി . അഹങ്കാരിയായും, ധിക്കാരിയായും, കുരുക്ഷേത്രയുദ്ധത്തിനു കാരണക്കാരിയായുമൊക്കെ ദ്രൌപദി വിമര്‍ശനവിധേയയായി ട്ടുണ്ട്. സ്വയംവരമണ്ഡപ ത്തില്‍ ചാപഭഞ്ജനത്തിനൊരുങ്ങിയ കര്‍ണ്ണനെ ‘ സൂതനെ ഞാന്‍ വരിയ്ക്കാ ’ എന്ന് പറഞ്ഞു തടഞ്ഞതാണൊരു കാരണം. സ്വയംവരവേദിയില്‍  ഇഷ്ടപ്പെട്ടവനെ സ്വീകരിയ്ക്കാനുള്ള പരിപൂര്‍ണ്ണസ്വാതന്ത്ര്യം കന്യകയ്ക്കുണ്ട്. ദ്രുപദന്‍ മത്സരം വെച്ചിരുന്നെങ്കിലും അത് ക്ഷത്രിയര്‍ക്കും ബ്രാഹ്മണര്‍ക്കുമാണെന്നു പറഞ്ഞിരുന്നു. തന്റെ അഭിപ്രായസ്വാതന്ത്ര്യമാണ് ദ്രൌപദി അവിടെ പ്രയോഗിച്ചത്. സ്വയംവരം അപഹരണവും യുദ്ധവുമൊക്കെയായി മാറുന്ന പതിവുണ്ടെങ്കിലും അതൊന്നും ഭയക്കാത്ത ക്ഷാത്രവീര്യമുള്ളവളാണ് ദ്രൌപദിയെന്നതിനാല്‍ തന്റെ അഭിപ്രായം അച്ഛനോടോ സഹോദരനോടോ പതുക്കെ പറയാതെ തുറന്നു പ്രഖ്യാപിയ്ക്കുക തന്നെ ചെയ്തു എന്ന് മാത്രം. വസ്ത്രാക്ഷേപവേളയില്‍ യുധിഷ്ഠിരനോട് തന്നെ പണയം വെച്ചതിനെക്കുറിച്ച് ചോദിച്ചതാണ്  മറ്റൊരു ഘടകം. രാജാവും പിതാമഹനും ഗുരുക്കന്മാരുമൊക്കെയുള്ള സഭയില്‍ ദ്രൌപദിയുടെ ശബ്ദമുയര്‍ന്നത് ധിക്കാരമാണോ? അവരൊക്കെ നോക്കിയിരി യ്ക്കെയല്ല്ലേ കുലവധുവിന്റെ നേരെ അരുതാത്ത അക്രമം നടന്നത്. സ്വയം അപമാനി യ്ക്കപ്പെട്ടുകൊണ്ടാണോ അവള്‍ അച്ചടക്കം പാലിയ്ക്കേണ്ടിയിരുന്നത് . സംരക്ഷിയ്ക്കേ ണ്ടവര്‍ നിഷ്ക്രിയരായി നില്‍ക്കു മ്പോള്‍ സ്വരക്ഷയ്ക്ക് സ്ത്രീയ്ക്ക് സ്വയം പ്രതികരിച്ച ല്ലേ പറ്റൂ? മറ്റേതെങ്കിലുമൊരു രാജ്ഞിയ്ക്കു ഇത്തരമൊരപമാനം രാജസദസ്സില്‍ , സഹോദരസ്ഥാനീയരില്‍ നിന്നനുഭവിയ്ക്കേണ്ടി വന്നിട്ടുണ്ടോ? ഒരു ദാസിയോടു പെരുമാറും വിധമാണോ കൌരവര്‍ ദ്രൌപദിയോട്  പെരുമാറിയത് – ഇങ്ങനെയൊരു  സന്ദര്‍ഭത്തില്‍  പ്രതികരിച്ചതിനെ എങ്ങനെ അഹങ്കാരമായി കണക്കാക്കും?
മഹാഭാരതയുദ്ധത്തിന്റെ ആദികാരണം ദ്രൌപദി ഇന്ദ്രപ്രസ്ഥത്തില്‍ വെച്ച് ദുര്യോധനനെ പരിഹസിച്ച് ചിരിച്ചതാണെന്നും , ദ്രൌപദീവസ്ത്രാക്ഷേപത്തിന്റെ പേരിലാണ് കുരുക്ഷേത്രയുദ്ധമുണ്ടായതെന്നുമൊക്കെ നിരൂപകാഭിപ്രായങ്ങള്‍ ദ്രൌപദിയെ പ്രതിക്കൂട്ടി ലാക്കിയിട്ടുണ്ട്. കൌരവ പാണ്ഡവര്‍ തമ്മിലുള്ള ശത്രുത ബാല്യകാലം മുതല്‍ക്കേ ആരംഭിച്ചിട്ടുണ്ട്. അന്നേ പല ഉപദ്രവങ്ങളും കൌരവര്‍ പാണ്ഡവരോട് പ്രവര്‍ത്തിച്ചിട്ടുണ്ട്. സുന്ദരിയായ ദ്രൌപദിയേയും , ശക്തവും സമ്പന്നവുമായ പാഞ്ചാലരാജ്യത്തിന്റെ ബന്ധുത്വവും പാണ്ഡവര്‍ക്ക് ലഭിച്ചതില്‍ കൌരവര്‍ക്കു അസൂയയുണ്ട്. സൂതനെ ഞാന്‍ വരിയ്ക്കില്ല എന്ന  ദ്രൌപദിയുടെ നിരാസമാണ് കര്‍ണ്ണന്റെ ശത്രുതയ്ക്ക് നിദാനം. ഇന്ദ്രപ്രസ്ഥത്തിന്റെ ഐശ്വര്യം  ദുര്യോധനനെ അസൂയാലുവാക്കി. അവിടെ വെച്ച് തനിയ്ക്ക് സ്ഥലജലവിഭ്രമം ഉണ്ടായപ്പോള്‍ ദ്രൌപദിയും ഭീമനും ചിരിച്ചത് ദുര്യോധനനില്‍ ഈര്‍ഷ്യയുളവാക്കിയിട്ടുണ്ട്. പക്ഷേ ഇതൊന്നുമല്ല, ദുശ്ശാസനന്‍ പിടിച്ചുലച്ച മുടിയുമല്ല ഭാരതയുദ്ധത്തിനു ഹേതുവെന്നു സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാകും. ദ്രൌപദി തനിയ്ക്കേറ്റ അപമാനത്തെപ്പറ്റി പറഞ്ഞ് ഭര്‍ത്താക്കന്മാരെ യുദ്ധോദ്യുക്തരാക്കാന്‍  ശ്രമിച്ചിട്ടുണ്ടെങ്കിലും സഹദേവനൊഴികെയുള്ള പാണ്ഡവര്‍ അത് കണക്കിലെടുത്തിരുന്നില്ല. യുദ്ധമടുത്ത സമയത്ത് ഭീമന്‍ പോലും സര്‍വ്വനാശത്തോട് വിരക്തി തോന്നി അനുരഞ്ജന ശ്രമം നടത്തുകയാണുണ്ടായത്. തന്റെ അഴിഞ്ഞുലഞ്ഞ മുടി കാണിച്ച് വിലപിച്ച ദ്രൌപദിയെ സാന്ത്വനിപ്പിച്ചത് കൃഷ്ണനായിരുന്നു. യുദ്ധമുണ്ടായപ്പോള്‍ പ്രമാണകോടിയില്‍ വെച്ചുണ്ടായ അനുഭവം മുതല്‍ എല്ലാ ഉപദ്രവങ്ങളുടേയും പക മനസ്സില്‍ പേറി നടന്ന ഭീമന്‍ ദ്യൂതസഭയില്‍ വെച്ച് താന്‍ ചെയ്ത ശപഥം നിറവേറ്റുക യായിരുന്നു ധാര്‍ത്തരാഷ്ട്രരെ മുഴുവന്‍ കൊന്നൊടുക്കിയതിലൂടെ. ദ്രൌപദിയുടെ ജനനവേളയിലെ അശരീരിയും അവളുടെ സ്വഭാവത്തിന്റെ തീക്ഷ്ണതയുമാകാം അവളെ യുദ്ധഹേതുവെന്ന പ്രതിയാക്കിത്തീര്‍ക്കുന്നത്.

മറ്റ് ക്ഷത്രിയസ്ത്രീകളെപ്പോലെയല്ല ദ്രൌപദി എന്നത് അവളുടെ ജനനം തന്നെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ദേവകാര്യം സാധിപ്പിയ്ക്കുന്നവള്‍, ക്ഷത്രിയവിനാശം വരുത്തുന്നവള്‍, കൌരവര്‍ക്കു ഭീഷണിയാകുന്നവള്‍ എന്ന സൂചനകള്‍  അവളുടെ വ്യക്തിത്വത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. അതോടൊപ്പം തന്നെ ശ്രേഷ്ഠയാണവള്‍ എന്നൊരു സൂചന കൂടി അശരീരി നല്‍കുന്നുണ്ട്. പാണ്ഡവരെ ഐവരേയും ഒരുമിച്ചു നിര്‍ത്തുകയും രമിപ്പിയ്ക്കുകയും ചെയ്തവളാണവള്‍. പാണ്ഡവര്‍ക്കെപ്പോഴും ഐശ്വര്യ ദായിനിയായി നിന്നത് ദ്രൌപദിയായിരുന്നു.  രാജ്യത്തില്‍ നിന്നകന്ന് വേഷപ്രച്ഛന്നരായി കഴിയുന്ന കാലത്താണ് ദ്രൌപദി പാണ്ഡവരുടെ ഭാര്യയാകുന്നത്. അപ്പോഴാണ്‌ ധൃതരാഷ്ട്രര്‍ അവരെ തിരിച്ചു വിളിച്ച് അര്‍ദ്ധരാജ്യം നല്‍കിയത്. ദ്യൂതസഭയില്‍ വെച്ച് അടിമത്തത്തില്‍ നിന്ന് സ്വതന്ത്രരായത് ദ്രൌപദി മൂലം തന്നെ. തന്റെ സഹോദരനേയും മക്കളേയും കൊന്ന അശ്വത്ഥാമാവിന്റെ ചൂഡാമണി ഭീമസേനന്‍ നേടിക്കൊടുത്തപ്പോള്‍ അവളത് യുധിഷ്ഠിരന് നല്‍കുകയാണ് ചെയ്തത്.

"ഇതണിഞ്ഞാല്‍ പേടിയില്ലാ ശാസ്ത്ര വ്യാധിക്ഷുധാദിയില്‍
വാനോര്‍ ദാനവര്‍ നാഗങ്ങളിവര്‍ മൂലവുമേതുമേ
യക്ഷോഭയവുമില്ലില്ലാ കളളര്‍ പേടിയുമങ്ങനെ"

- ഇങ്ങനെ സര്‍വ്വൈശ്വര്യങ്ങളും നല്‍കുന്ന വിശിഷ്ടരത്നം അവര്‍ക്ക് ലഭിച്ചതും ദ്രൌപദി മൂലമാണ്. അഗ്നിയില്‍ നിന്ന് ജനിച്ചവള്‍ എന്ന പ്രയോഗം തന്നെ അവളുടെ സ്വഭാവ ത്തിന്റെ തീക്ഷ്ണതയും ,വികാരാവേശവും , പ്രതികാരബോധവുമെല്ലാം സൂചിപ്പിയ്ക്കു ന്നു. തന്നെ ഉപദ്രവിച്ചവരോടോ,  അപമാനിച്ചവരോടോ അവളൊരിയ്ക്കലും ക്ഷമിയ്ക്കു ന്നില്ല. അഭിപ്രായങ്ങള്‍ തുറന്നുപറയാനും തുറന്നെതിര്‍ക്കാനുമുള്ള ധൈര്യവും വീര്യവും അവള്‍ക്കുണ്ട്.ധര്‍മ്മമാര്‍ഗ്ഗത്തില്‍ നിന്നും അവള്‍ വ്യതിചലിയ്ക്കുന്നില്ല. ധൃതരാഷ്ട്രര്‍ ദ്യൂതസഭയില്‍ വെച്ച്  ഭര്‍ത്താക്കന്മാരേയും അവളേയും അടിമത്തത്തില്‍ നിന്ന് മുക്തരാ ക്കിയ ശേഷം മൂന്നാമതും വരം ചോദിയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍

"ലോഭം ധര്‍മ്മം നശിപ്പിയ്ക്കുമതിന്നുദ്യമമില്ല മേ
യോഗ്യയാകുന്നു മൂന്നാം വരം വാങ്ങുന്നതിനു ഞാന്‍
ഒന്ന് വൈശ്യവരം ക്ഷത്രസ്ത്രീകള്‍ക്കോ രണ്ടുതാന്‍ വരം
മൂന്നു രാജവരം രാജന്‍ ബ്രാഹ്മണന്നു ശതം വരം"

എന്ന് അതിലെ അധാര്‍മ്മികത സൂചിപ്പിച്ച് നിഷേധിച്ച വിദുഷിയാണവള്‍. തന്റെ പ്രവൃത്തികള്‍ക്കെല്ലാം ധാര്‍മ്മികമായ ന്യായം ദ്രൌപദിയ്ക്ക് പറയാനുണ്ട്.
സ്വതസ്സിദ്ധമായ പ്രോജ്ജ്വലമായ വ്യക്തിത്വം അന്യായങ്ങളെ തുറന്നെതിര്‍ക്കാനുള്ള തന്റേടം ദ്രൌപദിയ്ക്ക് നല്‍കി. എന്നിട്ട് ദുരിതങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ അവള്‍ക്കു കഴിഞ്ഞുവോ? കരു ത്തരായ ഭര്‍ത്താക്കന്മാര്‍ നാല്‍വരും അവളെ സംരക്ഷിയ്ക്കുന്നതില്‍, അവളുടെ താല്പര്യങ്ങള്‍ സംരക്ഷിയ്ക്കുന്നതില്‍ ഉദാസീനരായിരുന്നു. യുദ്ധത്തിനൊരുങ്ങാ തെ സന്ധിയ്ക്കു തയ്യാറായ അവര്‍ ദ്രൌപദിയുടെ അപമാനിതമായ മനസ്സിനെക്കുറി ച്ചോര്‍ത്തില്ല. ഓര്‍ത്തതും അവള്‍ക്കു വേണ്ടി സംസാരിച്ചതും കുന്തിയും കൃഷ്ണനും സഹദേവനുമായിരുന്നു. ഇങ്ങനെ ഒരമ്മയും സഹോദരനും ഭര്‍ത്താവുമാണ് സ്ത്രീയുടെ രക്ഷകര്‍ എന്നും ഇവര്‍ കര്‍മ്മാനുഷ്ഠാനത്തില്‍ വിമുഖരെങ്കില്‍ അവള്‍ക്കെന്തു സംഭവി യ്ക്കാമെന്നും  പുരാണം പഠിപ്പിച്ചു തരുന്നു. എന്നിട്ടും ഇന്നുമരങ്ങേറുന്നത് അതുതന്നെ. സിംഹാസനത്തില്‍ അന്ധനും ചുറ്റും നിഷ്ക്രിയരും സ്ഥാനം കയ്യാളുമ്പോള്‍ ഇന്ദ്രപ്രസ്ഥ ത്തിലാണെങ്കിലും എന്ത് സംഭവിയ്ക്കുമെന്ന് കണ്ണടച്ച് നിശ്ശബ്ദരായിരിയ്ക്കുന്ന നീതിന്യാ യങ്ങള്‍ പണ്ടേ കാണിച്ചു തന്നിരിയ്ക്കുന്നു. ‘ കാണ്‍കയില്ലിങ്ങില്ലാത്തതെങ്ങുമേ ’ എന്ന മഹാഭാരതത്തെക്കുറിച്ചുള്ള വ്യാസന്റെ അവകാശവാദം തികച്ചും അന്വര്‍ത്ഥം തന്നെ.  

(കാളീചക്ര 2013
ശ്രീ രുധിരമഹാകാളിക്കാവ് പൂരം സ്മരണിക
കുമരനെല്ലൂര്‍ )

Wednesday, April 2, 2014

വരലാഭം വേദനയായപ്പോള്‍

     


     തിഹാസപുരാണാദികളിലെ സ്ത്രീകഥാപാത്രങ്ങള്‍ നമുക്ക് പറഞ്ഞു തരുന്നത് ക്ഷമയുടെയും സഹനത്തിന്റെയും പാഠങ്ങളാണ്. പക്ഷേ ഈ പാഠങ്ങള്‍ അവര്‍ക്കെന്നും നല്‍കിയത് ദുരിതങ്ങള്‍ മാത്രമാണ് .ദമയന്തിയും ശകുന്തളയും സാവിത്രിയുമെല്ലാം അഗ്നി പരീക്ഷണങ്ങളിലൂടെ ജീവിത വിജയം കൈവരിച്ചു. പക്ഷേ പരീക്ഷണങ്ങള്‍ മേല്‍ക്കുമേല്‍ ഏറ്റുവാങ്ങി ദഗ്ദ്ധമനസ്കകളായി ത്തീര്‍ന്ന പല സ്ത്രീകഥാപാത്രങ്ങളേയും നാം പുരാണ ത്തില്‍ കാണുന്നുണ്ട്. അച്ഛന്‍ , ഭര്‍ത്താവ് , മകന്‍ എന്നിവരുടെ സംരക്ഷണത്തില്‍ സ്ത്രീ സുരക്ഷിതയാണെന്നു മനുസ്മൃതി അനുശാസി യ്ക്കുന്നു. ഇവരിലൊരാളുടെ ദുഷ്ടത തന്നെ സ്ത്രീജന്മം നരകതുല്യമാക്കാന്‍ ധാരാളമാണെന്നിരിയ്ക്കേ അച്ഛന്റേയും സഹോദരന്റേയും ഭര്‍ത്താവിന്റേയും പുത്രരുടേയും ദുഷ്ടത കൊണ്ട് ജന്മം മുഴുവന്‍ എരിഞ്ഞു തീര്‍ന്ന ഒരു സ്ത്രീയെ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. അമ്മ എന്ന് മാത്രം പറഞ്ഞാല്‍ മതി ആ കഥാപാത്രത്തെപ്പറ്റി. കാരണം അത്ര കനത്ത പുത്രസമ്പത്തിന്റെ ഉടമയാണവള്‍. ഓരോ പുരുഷനും യഥാകാലം മാനസികമായി നല്‍കിയ ദുരിതങ്ങള്‍ക്കിരയാണവള്‍. എവിടെ നിന്നും അവള്‍ക്കൊരിയ്ക്കലും സംരക്ഷണം ലഭിച്ചില്ല. സമ്പല്‍സമൃദ്ധമായ രാജ്യവും , രാജകീയ സുഖഭോഗങ്ങളും , രാജപത്നി, രാജമാതാവ്, എന്നീ പദവികളും ലഭിച്ചിട്ടും മനഃശാന്തി എന്തെന്നറിയാത്തവള്‍  - ഗാന്ധാരി.   


നൂറു പുത്രര്‍ക്കമ്മയാകും എന്ന ശിവാനുഗ്രഹം ലഭിച്ചവളാണ് ഗാന്ധാരി. സംഹാരദേവന്‍ നല്‍കിയ സൃഷ്ടിയുടെ വരദാനം – അതാണ്‌ അടിസ്ഥാനപരമായി ഗാന്ധാരിയുടെ ദുരിതങ്ങള്‍ക്ക് കളമൊരുക്കിയത്. കുലാഭിവൃദ്ധി ലക്ഷ്യമാക്കിയാണ് ഭീഷ്മര്‍ ഗാന്ധാരിയെ ധൃതരാഷ്ട്രര്‍ക്ക് വധുവായി ആവശ്യപ്പെട്ടത്. സുബലന്‍ വംശം, പ്രശസ്തി, നാട്ടുനടപ്പ് എന്നിവ മുന്‍നിര്‍ത്തി ഇഷ്ടമില്ലെങ്കിലും ആ ബന്ധം അംഗീകരിച്ചു.
ധൃതരാഷ്ട്രനു കണ്ണില്ലെന്നഥ ഗാന്ധാരി കേട്ടുതേ
തന്നെക്കൊടുക്കിന്നതവന്നച്ഛനമ്മകളെന്നുമേ
ഉടന്‍ പട്ടൊന്നെടുത്തിട്ടു മടക്കീട്ടവള്‍ തന്നുടെ
കണ്ണില്‍ കാഴ്ച കെടും വണ്ണം കണ്ണു കെട്ടീ പതിവ്രത
ഭര്‍ത്താവിന്നഭ്യസൂയയ്ക്കു വര്‍ത്തിയ്ക്കില്ലെന്നുറച്ചവള്‍ 
- ഗാന്ധാരി സഹധര്‍മ്മമാചരിച്ചു എന്നാണു വാച്യമായി പറയുന്നതെങ്കിലും പ്രതിഷേധത്തി ന്റെ അംശം ഇവിടെ തെളിഞ്ഞു കിടപ്പുണ്ട്. തനിയ്ക്ക് കിട്ടിയ വരം പോലും ശാപമായി ത്തീര്‍ന്നപ്പോഴും  തന്റെ ആഗ്രഹങ്ങളെല്ലാം നിഷ്പ്രഭമായിത്തീര്‍ന്നപ്പോഴും ഗാന്ധാരിയ്ക്ക് പ്രതിഷേധവും നിരാശയും തോന്നുന്നുണ്ട്. പക്ഷേ ആ പ്രതിഷേധം പ്രകടമാകുന്നില്ല. ഗാന്ധാരി അത് കടിച്ചമര്‍ത്തുകയാണ് ചെയ്യുന്നത്. ചില സന്ദര്‍ഭങ്ങളില്‍ അതിങ്ങനെ പൊട്ടിത്തെറിയ്ക്കുന്നുവെന്നു മാത്രം. കുന്തി ആദ്യം അമ്മയായതറിഞ്ഞപ്പോള്‍ ദേഷ്യവും നിരാശയും സഹിയ്ക്കാനാകാതെ തന്റെ വയറ്റത്താഞ്ഞിടിച്ചതാണ്  മറ്റൊരു സന്ദര്‍ഭം. ധൃതരാഷ്ട്രരുടെ പത്നിയായതു കൊണ്ട് ഗാന്ധാരിയ്ക്ക് ലഭിച്ച മഹാറാണീപദം യഥാര്‍ത്ഥ ത്തില്‍  അനര്‍ഹമായിരുന്നു. പാണ്ഡുവിന്റെ യാത്രയും മരണവുമൊക്കെയാണ്  ധൃതരാ ഷ്ട്രര്‍ക്ക്  രാജ്യം ഭരിയ്ക്കാനുള്ള അവസരം  നല്‍കിയത് – പ്രതിപുരുഷസ്ഥാനം. ജന്മാ ന്ധനായ ധൃതരാഷ്ട്രരെപ്പോലെ ഗാന്ധാരിയും തന്റെ മകന്  രാജ്യാവകാശം ലഭിയ്ക്കണ മെന്ന് തീവ്രമായി ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണിത്ര അവിവേകം പ്രകടിപ്പിയ്ക്കത്ത ക്കതായ കോപതാപാദികള്‍ക്കടിമയായത്. തന്റെ മകന്  രാജ്യാവകാശം ലഭിയ്ക്കണമെ ന്ന ആഗ്രഹത്തിന്റെ തകര്‍ച്ചയാണിവിടെ പ്രകടമായത്. ആ തകര്‍ച്ച പൂര്‍ണ്ണമായത് മക്കള്‍ അധര്‍മ്മികളായി വളരുന്നത്‌ കണ്ടപ്പോഴാണ്. അത് പറഞ്ഞു തിരുത്താന്‍ ഗാന്ധാരിയ്ക്കാ യതുമില്ല.

അര്‍ഹിയ്ക്കാത്തത് കൈവശപ്പെടുത്താന്‍ ഗാന്ധാരി ഒരിയ്ക്കലും ശ്രമിച്ചില്ല. കുലാന്തക നായ പുത്രനെ ഉപേക്ഷിയ്ക്കുകയാണ് നല്ലതെന്ന ഉപദേശത്തോട് ധൃതരാഷ്ട്രരോളം വിസമ്മതം ഗാന്ധാരിയ്ക്കുണ്ടായിരുന്നില്ല. മക്കളുടെ ദുഷ്കൃത്യങ്ങളെ ഗാന്ധാരി ഒരിയ്ക്ക ലും പ്രോത്സാഹിപ്പിച്ചിട്ടില്ല. സഹോദരീസ്നേഹത്തിന്റെ പേരില്‍ അനന്തരവന്മാരോടു ചേര്‍ന്നു നിന്ന ശകുനി ഗാന്ധാരിയെ പരിഗണിച്ചിട്ടേയില്ല എന്നതാണ് സത്യം. സമ്പദ് സമൃദ്ധമായ , വിശാലമായ ഹസ്തിനപുരം അവരുടെ കൈവശത്തിലെത്തണമെന്ന തായിരുന്നു ശകുനിയുടെ താല്പര്യം. പെങ്ങളുടെ നീറുന്ന മനസ്സ് കാണാന്‍ ആ കുടിലബുദ്ധി ഒരിയ്ക്കലും ശ്രമിച്ചിട്ടില്ല. ആ ഒരൊറ്റ വ്യക്തിയുടെ അഭാവത്തില്‍ ഗാന്ധാരിയുടെ ജീവിതം സമാധാനപൂര്‍ണ്ണമാകുമായിരുന്നു. പുത്രവാത്സല്യം കൊണ്ട് അന്ധനായ  ധൃതരാഷ്ട്രര്‍ അവരുടെ ദുഷ്ചെയ്തികളെ വിലക്കിയില്ലെന്നേയുള്ളൂ , പ്രേരിപ്പിച്ചിട്ടില്ല. ധര്‍മ്മിഷ്ഠയായ ഗാന്ധാരിയ്ക്ക് ഭര്‍ത്താവിനേയും മക്കളേയും ഒരിയ്ക്കലും ധര്‍മ്മമാര്‍ഗ്ഗത്തിലേയ്ക്കാന യിയ്ക്കാന്‍ കഴിയാതെ പോയതും ശകുനി കാരണമാണ്.

വ്യാസമുനി ധൃതരാഷ്ട്രര്‍ക്കും  ഗാന്ധാരിയ്ക്കും നല്‍കിയ കണ്‍കെട്ട്  വെറുമൊരു അന്ധ തയല്ല ന്യായാന്യായങ്ങള്‍  കണ്ടറിയാനുള്ള ശേഷി ജന്മനാ ഇല്ലാത്തവനാണ്  ധൃതരാ ഷ്ട്രര്‍ .കര്‍മ്മം കൊണ്ട് അത് വെടിയേണ്ടി വന്നവളാണ് ഗാന്ധാരി. ന്യായാന്യായങ്ങള്‍ മനസ്സിലാക്കാനുളള വിവേകമുണ്ടായിട്ടും ഗാന്ധാരിയ്ക്ക് യാതൊന്നും ചെയ്യാനായില്ല. വസ്ത്രാക്ഷേപവേളയില്‍ ദുര്‍ന്നിമിത്തങ്ങള്‍ കണ്ടു ഭയന്ന ഗാന്ധാരി ധൃതരാഷ്ട്രരോട് ദുര്യോധനനെ പിന്തിരിപ്പിയ്ക്കാനാവശ്യപ്പെട്ടു ; മക്കള്‍ അനുദ്യൂതത്തിനൊരുങ്ങുന്നത് കണ്ടപ്പോള്‍  ധൃതരാഷ്ട്രരോട് കുലവൈരിയായ പുത്രനെ ഉപേക്ഷിയ്ക്കാന്‍ പറഞ്ഞു. ധൃതരാഷ്ട്രര്‍  ഗാന്ധാരിയുടെ വാക്കുകള്‍ ഒരിയ്ക്കലും ചെവിക്കൊണ്ടില്ല. പക്ഷേ ധൃതരാഷ്ട്രര്‍ക്കും, വ്യാസനും, സഞ്ജയനുമൊക്കെ ഗാന്ധാരിയുടെ ധര്‍മ്മനിഷ്ഠയില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്നു. യുദ്ധമുണ്ടായാല്‍ ആര്‍ തോല്‍ക്കുമെന്ന് ധൃതരാഷ്ട്രര്‍  ചോദിച്ച പ്പോള്‍ സഞ്ജയന്‍ പറഞ്ഞത്  വ്യാസന്റേയും ഗാന്ധാരിയുടേയും സാന്നിദ്ധ്യത്തില്‍ താന്‍ മറുപടി പറയാം, അവര്‍ക്ക് തീര്‍പ്പ് പറയാനും അസൂയയകറ്റാനും കഴിയുമെന്നാണ്. യുദ്ധത്തിനു മുമ്പ്  പാണ്ഡവര്‍  സന്ധിശ്രമം നടത്തുമ്പോള്‍ എതിര്‍ത്തു നിന്ന ദുര്യോധനനെ ഉപദേശിയ്ക്കാന്‍ ധൃതരാഷ്ട്രര്‍ ഗാന്ധാരിയോടാണാവശ്യപ്പെട്ടത് .മകനെ പിന്താങ്ങി ദുര്‍മാര്‍ഗ്ഗിയാക്കിയത് അച്ഛന്‍ തന്നെയാണെന്ന് ഗാന്ധാരി കുറ്റപ്പെടുത്തി. വിഫലയത്ന മെങ്കിലും മകനെ ലോഭമടക്കി ശമം കൈവരിയ്ക്കാന്‍ ഉപദേശിച്ചു.

ധര്‍മ്മപക്ഷത്തായിരുന്നു നിലയെങ്കിലും ചില അധര്‍മ്മങ്ങള്‍  പാണ്ഡവര്‍ക്ക് പ്രവര്‍ത്തി യ്ക്കേണ്ടി  വന്നിട്ടുണ്ട്. അതിനു ചില ന്യായീകരണങ്ങളുണ്ടായിരുന്നിരിയ്ക്കാം. പക്ഷേ വിജയം കൈവരിച്ച അവര്‍ ഗാന്ധാരിയുടെ മുന്നില്‍ ചെല്ലാന്‍ ഭയന്നു. യുധിഷ്ഠിരന്‍ കൃഷ്ണ നോട് ആദ്യം ചെന്ന് ഗാന്ധാരിയെ സമാധാനിപ്പിയ്ക്കാനപേക്ഷിച്ചു.
“ ക്രോധരക്താക്ഷയായ്  പുത്രശോകം പൂണ്ടവളെപ്പരം
നോക്കാനാരൊരുവന്‍ ശക്തന്‍ നീയെന്യേ പുരുഷോത്തമാ
അവിടേയ്ക്കങ്ങു പോകേണമെന്നു തോന്നുന്നു മാധവ”
കൃഷ്ണനും വ്യാസനും ഗാന്ധാരിയെ ഉപദേശിച്ചു സമാധാനിപ്പിയ്ക്കുന്നുണ്ട് . ആ തപോബലത്തെ അവരും ഭയാശങ്കയോടെ അംഗീകരിച്ചിരുന്നുവെന്നു സാരം. ആധി കൊണ്ട് തന്റെ ബുദ്ധി ചലിച്ചുവെന്ന്  ഗാന്ധാരി ഏറ്റുപറഞ്ഞു.

“കുന്തിയെപ്പോലെ കൌന്തേയരെന്നാലും പാല്യരാണിവര്‍
എന്നാലെന്ന വിധം രക്ഷ്യരാണല്ലോ ധൃതരാഷ്ട്രനാല്‍
ദുര്യോധനന്റെ കുറ്റത്താല്‍  ശകുനിത്തെറ്റിനാലുമേ
കര്‍ണ്ണദുശ്ശാസനത്തെറ്റു കൊണ്ടും പറ്റീ കുരുക്ഷയം” 
എന്ന് ഗാന്ധാരി ശരിയാംവിധം ഗ്രഹിച്ചിരുന്നു. പക്ഷേ പാണ്ഡവര്‍  മുന്നിലെത്തിയപ്പോള്‍ ഗാന്ധാരിയ്ക്ക് മനസ്സടക്കാനായില്ല. ദുര്യോധനനെ അധര്‍മ്മമാര്‍ഗ്ഗത്തില്‍  തച്ചുവീഴ്ത്തി യതിനായിരുന്നു ദേഷ്യം. ഭീമന്‍ താനത്  ആത്മരക്ഷാര്‍ത്ഥം ചെയ്തതാണെന്ന് പറഞ്ഞു ക്ഷമായാചനം ചെയ്തു. ദുര്യോധനന്‍ തങ്ങളോടു ചെയ്ത അധര്‍മ്മങ്ങളോരോന്നും എടുത്തു പറഞ്ഞു ഭീമന്‍ സ്വയം ന്യായീകരിച്ചു. നിവൃത്തിയില്ലാതെയാണ് താനാ കൊല ചെയ്ത തെന്ന് പറഞ്ഞു. ദുശ്ശാസനന്റെ ചോര കുടിച്ചത് ശരിയായില്ലെന്നായിരുന്നു ഗാന്ധാരിയുടെ അടുത്ത ആരോപണം. ചോര കുടിച്ചില്ലെന്നു ഭീമന്‍ നിഷേധിച്ചു. അന്ന് പുത്രരെ നിയന്ത്രിച്ചു നിര്‍ത്താതെ ഇന്നെന്തിനു തങ്ങളെ കുറ്റപ്പെടുത്തുന്നുവെന്നും ഭീമന്‍ ചോദിച്ചു.
വൃദ്ധന്റെ നൂറാത്മജരെക്കൊല്‍വോന്‍ നീയപരാജിതന്‍
കുറ്റം കുറഞ്ഞൊരുവനെശ്ശേഷിപ്പിയ്ക്കാഞ്ഞതെന്തുവാന്‍
ഉണ്ണീ, നീ രാജ്യം പോയ വൃദ്ധരായ ഞങ്ങള്‍ക്കു സന്തതി
അന്ധദ്വയത്തിനു വടിയൊന്നെന്തേ വിട്ടിടാഞ്ഞു നീ  
എന്ന ഗാന്ധാരിയുടെ അടുത്ത ചോദ്യത്തില്‍ ആ അമ്മയുടെ മാനസികാവസ്ഥ തികച്ചും പ്രകടമാകുന്നുണ്ട്. അതിന്റെ മറുപടിയ്ക്കായി ഗാന്ധാരി കാത്തുനില്‍ക്കുന്നില്ല. ഭീമന്‍ മുമ്പ് പറഞ്ഞ മറുപടികള്‍ തന്നെ ഒരമ്മയെന്ന നിലയ്ക്ക് ഗാന്ധാരിയുടെ പരാജയത്തെ എടുത്തു കാണിയ്ക്കുന്നതാണ്. അതവര്‍ക്ക് സ്വയം ബോദ്ധ്യമുണ്ടായിരുന്നുവെന്നര്‍ത്ഥം. ധാര്‍ത്തരാ ഷ്ട്രരെ മുഴുവന്‍ കൊന്നൊടു ക്കിയതിനാലാകാം ഭീമനോടാണ് ഗാന്ധാരി സംസാരിച്ചത്. അര്‍ജ്ജുനന്‍ ഭയന്ന് കൃഷ്ണന്റെ പിന്നിലൊളിച്ചു നില്‍ക്കുകയായിരുന്നു. കണ്‍കെട്ടിനിടയിലൂ ടെ ഗാന്ധാരിയുടെ ദൃഷ്ടി പതിഞ്ഞ യുധിഷ്ഠിരന്റെ കാല്‍നഖം കറുത്തു പോയി.കുരുക്ഷേത്ര യുദ്ധത്തിന്റെ യഥാര്‍ത്ഥ കാരണക്കാരാരായിരുന്നുവെന്ന് ഗാന്ധാരിയ്ക്കറിയാമായിരുന്നു. തന്റെ തെറ്റും മനസ്സിലാക്കിയിരുന്നു. പക്ഷേ മക്കളുടെ മരണത്തിനു കാരണക്കാര്‍ മുന്നില്‍ വന്നു നിന്നപ്പോള്‍ അവര്‍ക്ക് സ്വയം നിയന്ത്രിയ്ക്കാനായില്ല. മക്കള്‍ അധര്‍മ്മചാരികളാ ണെങ്കിലും അവരെല്ലാവരും നഷ്ടപ്പെട്ടപ്പോള്‍ ധര്‍മ്മബോധത്തിനു മേലെയായി മാതൃദുഃഖം ആ മനസ്സിനെ ഭരിയ്ക്കുന്നത് കാണാം.  

യുദ്ധക്കളത്തില്‍ ദാരുണമായ കാഴ്ചകള്‍ കണ്ട ഗാന്ധാരി അവിടെ ജീവനറ്റു കിടന്ന എല്ലാ വര്‍ക്കും വേണ്ടിയാണ് വിലപിച്ചത്. എല്ലാവരുടെയും വിധവകള്‍ക്കു വേണ്ടിയാണ് കര ഞ്ഞത്. മനസ്സ് തുറന്നു സംസാരിയ്ക്കാനാകാത്ത വിധം ബന്ധനസ്ഥരായ, വാക്കുകള്‍ക്ക ല്പം പോലും വില കല്പിയ്ക്കാതെ പിന്‍ തള്ളപ്പെടുന്ന സ്ത്രീകള്‍ തന്നെയാണെപ്പോഴും ദുഃഖിയ്ക്കുന്നതെന്ന് മനസ്സിലാ ക്കാന്‍ ആ സ്ത്രീഹൃദയത്തിന് , മാതൃഹൃദയത്തിന് കഴിഞ്ഞു. പാണ്ഡവരോടുണ്ടായ ദേഷ്യം പാണ്ഡവപക്ഷ ത്തെ വിധവകളോട് ഗാന്ധാരിയ്ക്ക് തോന്നിയില്ല. കൃഷ്ണന്‍ യുദ്ധത്തിനു മുമ്പ് സന്ധിശ്രമത്തിനായി ഹസ്തിനപുരത്ത് ചെന്നി രുന്നു. അന്ന് ദുര്യോധനന്‍ കൃഷ്ണനെ ബന്ധനസ്ഥനാക്കാനും അധിക്ഷേപിയ്ക്കാനും ശ്രമി യ്ക്കുകയും ചെയ്തിരുന്നു. പക്ഷേ അതോര്‍ക്കാനുള്ള മനഃസന്നിദ്ധ്യം ആ കൊലക്കള ത്തിനു നടുവില്‍ നില്‍ക്കേ ഗാന്ധാരിയ്ക്കുണ്ടായില്ല. ആ മരണങ്ങള്‍ക്ക് മുഴുവന്‍ ഉത്തരവാദി കൃഷ്ണനാണെന്നും , കൃഷ്ണന്‍ ശ്രമിച്ചിരുന്നെങ്കില്‍ യുദ്ധമൊഴിഞ്ഞേനെ എന്നും കുറ്റപ്പെടുത്തി കൃഷ്ണനെ ശപിച്ചു.

പതിവ്രത, മഹാഭാഗ, സഹധര്‍മ്മം ചരിപ്പവള്‍, ഉഗ്രമാകും തപസ്സുള്ളോള്‍, നിത്യവും സത്യവാദിനി, സര്‍വ്വഭൂതഹിതൈഷിണി – എന്നൊക്കെയാണ് വ്യാസമുനി ഗാന്ധാരിയെ വിശേഷിപ്പിച്ചിട്ടുള്ളത്. തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കവിയുടെ സങ്കല്പങ്ങളാണിവിടെ പ്രകടമാകുന്നത്. തന്റെ ധര്‍മ്മ ബോധത്തിനനുസരിച്ച് ജീവിയ്ക്കാന്‍ നിഷ്ക്കര്‍ഷയോടെ  പാലിച്ച നിഷ്ഠയാണ് ഗാന്ധാരിയെ ദുഃഖിപ്പിച്ചത്. മക്കള്‍ അധര്‍മ്മികളായി വളരുന്നത്‌ കണ്ടപ്പോള്‍ ആ അമ്മ വേദനിച്ചു.  യുദ്ധത്തിനു പോകും മുമ്പ് അനുഗ്രഹമര്‍ത്ഥിച്ചു വന്ന ദുര്യോധനനോട് ധര്‍മ്മമുള്ളിടത്താണ് ജയം എന്നാണു ഗാന്ധാരി പറഞ്ഞത്. പുത്രനെ ആശംസിയ്ക്കാന്‍ കഴിയാതെ , പുത്രന് വിപരീതമായി ഭവിയ്ക്കുമെന്നറിഞ്ഞുകൊണ്ട് തന്നെ ധര്‍മ്മത്തിന് ജയമാശംസിയ്ക്കേണ്ടി വന്ന അമ്മയുടെ വേദന ഗാന്ധാരി സഹി ച്ചതും ധര്‍മ്മബോധം നല്‍കിയ ആത്മബലം  കൊണ്ടുതന്നെ. ഗാന്ധാരിയുടെ രോഷം തന്റെ വിധിയോട് തന്നെയായിരുന്നു. മനസ്സിലുള്ള ആ രോഷവും , പുത്രോല്‍ക്കര്‍ഷേച്ഛയും പ്രകടമാ ക്കാന്‍ ഗാന്ധാരിയ്ക്കൊരിയ്ക്കലും കഴിഞ്ഞില്ല. കാരണം അത് ധര്‍മ്മവിരുദ്ധ മായിരുന്നു. ആ വൈരുദ്ധ്യം അവരെ എന്നും ദുഃഖിപ്പിച്ചു.

(കാളീചക്ര 2011
ശ്രീ രുധിരമഹാകാളിക്കാവ് പൂരം സ്മരണിക
കുമരനെല്ലൂര്‍) 

Wednesday, December 11, 2013

പരിത്യക്ത പര്‍വ്വം





     ഇതിഹാസത്തിലെ ശ്രേഷ്ഠരായ സ്ത്രീ കഥാപാത്രങ്ങളായി നാം പലരെയും പരിചയപ്പെട്ടിട്ടുണ്ട് – സര്‍വ്വംസഹകളും , സഹധര്‍മ്മവും സ്വധര്‍മ്മവുമൊക്കെ ആച രിയ്ക്കുന്നതില്‍ നിഷ്ഠയുളളവരുമായ സ്ത്രീകള്‍. പലരും മാതൃകകളായി നമ്മുടെ സങ്കല്പങ്ങ ളില്‍ സ്ഥാനം പിടിച്ചിട്ടുമുണ്ട്. ജീവിതത്തില്‍ കടുത്ത ദു:ഖങ്ങളും അവമതി കളുമുണ്ടായിട്ടും  ത്യാഗം കൊണ്ടോ ഭോഗം കൊണ്ടോ ജീവിതസാഗരം നീന്തിക്കടന്നവര്‍. എല്ലാവര്‍ക്കും പറയാനുണ്ട് ഒരുപാടു ദു:ഖാനുഭവങ്ങള്‍. പക്ഷേ അവരില്‍ വെച്ച് ഏറ്റവുമധികം ദു:ഖങ്ങള നുഭവിച്ച , രാജപുത്രിയും ,രാജപത്നിയും, രാജമാതാവുമായിട്ടും നിശ്ശബ്ദതയുടെ ആവരണ ങ്ങള്‍ക്ക് പിറകെ നിശ്ചലമായി ജീവിച്ച സ്തീ ഒന്നേയുള്ളൂ – കുന്തി. പരിത്യക്ത എന്ന വാക്ക്  ഏറ്റവുമധികം യോജിയ്ക്കുന്നത്  ഈ കഥാപാത്രത്തിനാണ്.
     
     വ്യാസഭാരതത്തില്‍  ഒരു ദീര്‍ഘകാലത്തേയ്ക്ക് തന്നെ കുന്തിയുടെ സാന്നിദ്ധ്യമുണ്ട് – മകളായി, കുമാരിയായി, ഭാര്യയായി ,സപത്നിയായി ,അമ്മയായി, പോറ്റമ്മയായി, ശ്വശ്രു വായി,അനുജത്തിയായി . പക്ഷേ രാജകുമാരിയായോ, രാജപത്നിയായോ, രാജമാതാവാ യോ കാണുന്നുമില്ല. ഓരോ അവസ്ഥയിലും ദു:ഖിതയെങ്കിലും സ്വധര്‍മ്മം  വെടിയാത്ത ,ധര്‍മ്മാനുഷ്ഠാനങ്ങളില്‍ പിഴവ് വരുത്താത്ത നിഷ്ഠയുടെ ദാര്‍ഢ്യം കുന്തിയുടെ സ്വഭാവൌ ന്നത്യത്തിന്റെ പ്രധാന ഘടകമാണ്. കൃതിയുടെ സംക്ഷിപ്തത വിവരിയ്ക്കുന്നിടത്തു തന്നെ കുന്തിയെപ്പറ്റി പറയുമ്പോള്‍ ധീര എന്നൊരു വിശേഷണം മുനി നിബന്ധിച്ചിട്ടുണ്ട്. ഈ കഥാപാത്രത്തിന്റെ അനുഭവങ്ങളിലേയ്ക്കും നിലപാടുകളിലേയ്ക്കുമുള്ള ഒരു വഴിയടയാളമാണീ പ്രയോഗം.


പുത്രജനനം

     ജനനം മുതല്‍ക്കേ നിരാസങ്ങളിലൂടെയാണ് കുന്തി ജീവിച്ചത്. യാദവരാജാവായ ശൂരസേനന്റെ മകളായാണവള്‍  ജനിച്ചത് – പൃഥ. പണ്ടു കൊടുത്ത ഒരു വാക്കനുസരിച്ച് ശൂരസേനന്‍ അവളെ തന്റെ അച്ഛന്‍പെങ്ങളുടെ മകനും അനപത്യനുമായ കുന്തീഭോജന് നല്‍കി. അവള്‍ക്കു നഷ്ടപ്പെട്ടത്  സ്വന്തം അച്ഛനമ്മമാര്‍ മാത്രമല്ല , സ്വന്തം പേര് കൂടിയായിരുന്നു – അസ്തിത്വം തന്നെ കൈമാറ്റം ചെയ്യപ്പെടുന്ന അവസ്ഥ. അന്നുതൊട്ട വള്‍  കുന്തിയായി. ഒരു പക്ഷേ ആ കൈമാററമാകും അവളില്‍ നിശ്ശബ്ദതയും ഉള്‍വലിവും സഹനശക്തിയുമൊക്കെയുണ്ടാക്കിയത്. കൌമാരത്തിലെയ്ക്കെത്തുന്ന കുന്തിയെ ഉഗ്രതേജസ്വിയായ ദുര്‍വ്വാസാവിന്റെ  ശുശ്രൂഷയ്ക്കയച്ചത്  കുന്തീഭോജന് അവളിലുള്ള വിശ്വാസം കൊണ്ടോ ദത്തുപുത്രിയോടുള്ള അനാസ്ഥ കൊണ്ടോ ?എന്തു തന്നെയായാലും അവളുടെ സഹിഷ്ണുത ദുര്‍വ്വാസാവിനെ പ്രീതനാക്കി. ദുര്‍വ്വാസാവ് നല്‍കിയ സമ്മാനം ദേവാവാഹന മന്ത്രമായിരുന്നു.

          അവള്‍ക്കാപദ് ധര്‍മ്മമോര്‍ത്തിട്ടവന്‍ താന്‍ മന്ത്രമേകിനാന്‍           
         
          ആഭിചാരവിധിയ്ക്കൊത്തിട്ടരുളീ  പിന്നെയിങ്ങനെ

          
          ഈ മന്ത്രം ചൊല്ലിയേതേതു ദേവാവാഹന ചെയ് വു നീ                               
         
          അതതു ദേവപ്രീത്യാ തേ പുത്രനുണ്ടായി  വന്നിടും                                                           

ഈ മന്ത്രം അനന്തരഫലചിന്തനയില്ലാതെ സൂര്യദേവന് നേര്‍ക്കു പ്രയോഗിച്ചുവെന്നതാണ് കുന്തിയ്ക്ക് ജീവിതത്തില്‍ പറ്റിപ്പോയ ഒരേയൊരു തെറ്റ് . പക്ഷേ അത് ആജീവനാന്തം മനസ്സിനെ മഥിയ്ക്കുന്ന സംഭവപരമ്പരകള്‍ക്ക് തന്നെ വഴിയൊരുക്കുകയായിരുന്നു.

     നിരാസങ്ങളേറെ അനുഭവിച്ചതു കൊണ്ടാകാം വളരെ പക്വമതിയായിരുന്നു കുന്തി. കൌതുകം കൊണ്ട് താന്‍ പ്രയോഗിച്ച മന്ത്രം സൂര്യദേവനെ തന്റെ മുന്നിലെത്തിച്ചപ്പോള്‍  ഭയന്നുപോയ കുന്തി ദേവനെ താന്‍ കന്യകയാണെന്നോര്‍മ്മിപ്പിച്ച് പിന്തിരിയാനപേക്ഷി യ്ക്കുന്നിടത്തു തന്നെ അവളുടെ ധര്‍മ്മബോധം വ്യക്തമാകുന്നുണ്ട്. സൂര്യദേവന്‍ തനിയ്ക്ക് ഇനി തിരിയെപ്പോകാനാകില്ലെന്നും തനിയ്ക്ക് വിധേയയായില്ലെങ്കില്‍ അവളെയും ,അവളുടെ അച്ഛനെയും ,വരം തന്ന ഋഷിയെയും താന്‍ ശപിയ്ക്കുമെന്നും ക്ഷോഭിച്ചപ്പോള്‍ ,ഗത്യന്തരമില്ലാത്ത ആ അവസ്ഥയിലും  അവള്‍ തനിയ്ക്കുണ്ടാകുന്ന പുത്രന് കവച കുണ്ഡലങ്ങള്‍ വേണമെന്നും , അവന്‍  ധര്‍മ്മിഷ്ഠനായിരിയ്ക്കണമെന്നും നിബന്ധനകള്‍ മുന്നോട്ടു വെച്ചു. ആ പടച്ചട്ട എന്നും തനിയ്ക്കവനെ തിരിച്ചറിയാനൊരടയാളമാകുമെന്നും കുന്തി പറയുന്നുണ്ട്. പിന്നീട് കുന്തി തന്റെ ദുര്‍വ്വിധിയ്ക്കനുസരിച്ചു വന്നുചേര്‍ന്ന ഓരോ ആപദ്സന്ധിയും വളരെ മുന്‍കരുതലോടെ ആസൂത്രണം ചെയ്താണ് അഭിമുഖീകരിച്ചത്.   
     ശാപഗ്രസ്തനായ പാണ്ഡുവിനോടും സപത്നിയായ മാദ്രിയോടുമൊപ്പം വനവാസം സ്വീകരിച്ചപ്പോഴും പാണ്ഡുവിന്റെ ജീവന്റെ കാര്യത്തില്‍ ദത്തശ്രദ്ധയായിരുന്നു കുന്തി. പാണ്ഡു തന്നെ അനപത്യതാദു:ഖത്തില്‍ നിന്ന് മോചിപ്പിയ്ക്കാനപേക്ഷിച്ചപ്പോള്‍ കുന്തി അതിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് പിന്മാററാനാണ് ശ്രമിച്ചത്. പാണ്ഡുവിന്റെ നിര്‍ബ്ബന്ധം അസഹ്യമായപ്പോള്‍ മാത്രമാണവള്‍  ദുര്‍വ്വാസാവിന്റെ വരദാനത്തെക്കുറിച്ച് പറഞ്ഞത്. അപ്പോഴും തന്റെ സൂര്യപുത്രനെക്കുറിച്ച് അവള്‍ പറഞ്ഞില്ല. അന്നത്തെ നിയമ മനുസരിച്ച് കര്‍ണ്ണനും പാണ്ഡു പുത്രനാകുമായിരുന്നു.  പാണ്ഡുവിന്റെ നീരസത്തേക്കാള്‍  അവള്‍ ഭയന്നത് ഹസ്തിനപുരത്തി ന്റെ നിരാസമായിരിയ്ക്കും. തന്റെ സല്‍പ്പേരും ഹസ്തിനപുരരാജവംശത്തിന്റെ യശസ്സും അവളെ പിന്തിരിപ്പിച്ചതായിരിയ്ക്കാം. ധര്‍മ്മവും കരുത്തും ധൈര്യവും മക്കളായി പിറന്നപ്പോള്‍  പാണ്ഡു വീണ്ടും തന്റെ പുത്രമോഹം പറഞ്ഞു .പക്ഷേ നാലാമതൊരു പുത്രനെ ആഗ്രഹിയ്ക്കുന്നത് അധര്‍മ്മ മാണെന്നു പറഞ്ഞ് കുന്തി ആ അപേക്ഷ നിരാകരിച്ചു. ദേവാവാഹനമന്ത്രം മാദ്രിയ്ക്കും ഉപദേശിയ്ക്കാന്‍  പാണ്ഡു ആവശ്യപ്പെട്ടപ്പോള്‍ കുന്തി മടിച്ചില്ല. പക്ഷേ മാദ്രി  ആ മന്ത്രം അശ്വിനീ ദേവന്മാരെ പ്രീതിപ്പെടുത്തി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയപ്പോള്‍ അതിലെ അനൌചിത്യം കുന്തിയെ ക്ഷുബ്ധയാക്കി. വീണ്ടും മാദ്രിയ്ക്ക് മന്ത്രോപദേശം നല്‍കാന്‍ പാണ്ഡു ആവശ്യപ്പെട്ടപ്പോള്‍ മാദ്രിയുടെ വക്രപ്രവൃത്തിയെക്കുറിച്ച് പറഞ്ഞ് തന്നെ ഇനിയും അതിനു നിര്‍ബ്ബന്ധിയ്ക്കില്ലെന്ന് കുന്തി പാണ്ഡുവില്‍ നിന്ന് വരം നേടുകയാണ്‌ ചെയ്തത്. ഇത് കുന്തിയുടെ അസൂയയല്ല, ആ ദിവ്യമന്ത്രത്തെ ദുരുപയോഗം ചെയ്തതിലുള്ള രോഷ മാണ്‌ പ്രകടമാകുന്നത്.   അസൂയാലുവാണെങ്കില്‍ അവളാ മന്ത്രോപദേശത്തിനു തന്നെ മുതിരില്ലായിരുന്നു. മാദ്രി കാരണം പാണ്ഡു മരിച്ചപ്പോള്‍ കുന്തി  മാദ്രിയെ കുറ്റപ്പെടുത്തുക യുണ്ടായി. പാണ്ഡുവിന്റെ ആയുസ്സിനു വേണ്ടി താന്‍ ചെയ്തതെല്ലാം വിഫലമായിപ്പോയ തിലുള്ള രോഷം അങ്ങനെ പ്രകടമായെങ്കില്‍ അതില്‍ കുറ്റം പറയേണ്ടതില്ല. പാണ്ഡുവി നോടോപ്പം കുന്തിയും മരണം വരിയ്ക്കാനൊരുങ്ങിയതായിരുന്നു. പക്ഷേ അത്  മാദ്രി ഏറ്റെടുത്തു. മക്കളെ സമഭാവനയോടെ കാണാന്‍ തന്നെക്കാള്‍ കുന്തിയ്ക്കാണ് കഴിയുകയെന്ന് മാദ്രിയ്ക്ക്  വിശ്വാസമുണ്ടായിരുന്നു. കുന്തി അത് തെററിച്ചതുമില്ല. കൌന്തേയരെന്നും  മാദ്രേയരെന്നും വേറിട്ടു കാണാതെ പാണ്ഡവരായി ഒരുമിച്ചു വളര്‍ത്താന്‍  അവള്‍ക്കു കഴിഞ്ഞു. മക്കള്‍ക്കവകാശപ്പെട്ട രാജ്യം അവര്‍ക്ക് നേടിക്കൊടുക്കുക എന്ന കടമ കൂടിയാണ് കുന്തി ഇവിടെ ഏറ്റെടുത്തത്.


വിശ്വാസം വിദുരനീതിയില്‍

     ഹസ്തിനപുരത്തെത്തിച്ചേര്‍ന്ന കുന്തി പാണ്ഡവരുടെ ശത്രുക്കളാരെന്നു ശരിയ്ക്കു മനസ്സിലാക്കിയിരുന്നു. പക്ഷേ അവളൊരിയ്ക്കലും ദുര്യോധനാദികളുടെ അക്രമങ്ങള്‍ക്കെ തിരെ പ്രതികരിച്ചില്ല. പ്രതികരിയ്ക്കാന്‍ മക്കളെ ഉപദേശിച്ചതുമില്ല. ജാഗരൂകരായിരി യ്ക്കാന്‍  പറയുക മാത്രമേ ചെയ്തുള്ളൂ. പിതാമഹന്മാരോടോ ഗുരുക്കന്മാരോടോ പരാതിപ്പെടുന്നുമില്ല. ഒരിയ്ക്കല്‍ ഭീമനെ പ്രമാണകോടിയില്‍ വെച്ച് കാണാതായപ്പോള്‍ മാത്രം ദുര്യോധനന്‍ അപായപ്പെടുത്തിയിരിയ്ക്കാമെന്നൊരാശങ്ക വിദുരരോടു പറയുന്നുണ്ട്. വിദുരര്‍ എന്നും പാണ്ഡ വപക്ഷത്ത് നിന്ന, അവരുടെ സംരക്ഷണമേറ്റെടുത്ത നീതിജ്ഞ നായിരുന്നു. ആ നീതിബോധത്തില്‍ കുന്തിയ്ക്ക് ഉറച്ച വിശ്വാസവുമുണ്ടായിരുന്നു. 

          മഹാത്മാവാ മഹാബുദ്ധി ഗംഭീരന്‍ വിദുരന്നുടെ                                                      
          ലോകത്തിന്മേലെ നില്‍ക്കുന്നു കൃഷ്ണാ ശീലം വിഭൂഷണം 

എന്ന് കുന്തി പറയുന്നുമുണ്ട്. അരക്കില്ലത്തില്‍ കാട്ടാളത്തിയേയും അഞ്ചു മക്കളെയും ബലി കഴിച്ചതിനു കൂട്ടു നിന്നുവെന്നതാണ്  കുന്തിയുടെ ഒരേയൊരു ക്രൂരതയായി നമുക്ക് കാണാനാകുന്നത്. മക്കളുടെ പരിപാലനവും രാജ്യപ്രാപ്തിയും കര്‍ത്തവ്യമായി കരുതിയ കുന്തിയ്ക്ക്  ദുര്യോധനാദികളുടെ ദുഷ്ടതകളില്‍ നിന്ന്  രക്ഷ നേടാന്‍ അതൊരു മാര്‍ഗ്ഗമായിരുന്നു. പോരെങ്കില്‍ നിഷാദഹത്യ അക്കാലത്തൊരു തെറ്റായി കണക്കാക്കിയിരുന്നുമില്ല.


സ്നേഹമയിയായ ഭര്‍തൃമാതാവ്

     ഹിഡിംബിയോട് കുന്തി യാതൊരു നീരസവും കാണിയ്ക്കുന്നില്ല. ഭീമനെ തനിയ്ക്ക് ഭര്‍ത്താവായി നല്‍കണമെന്ന  ഹിഡിംബിയുടെ അര്‍ത്ഥന സ്വീകരിച്ചു. ഘടോല്‍ക്കചന്‍  ജനിച്ചപ്പോള്‍ ഐവര്‍ക്കും മൂത്തമകനായ അവന്‍ യഥാകാലം സഹായത്തിനെത്തണ മെന്നു പറഞ്ഞു. അര്‍ജ്ജുനന്‍ സ്വയംവരമണ്ഡപത്തില്‍ ജയിച്ച് ദ്രൌപദിയേയും നേടി ഐവരും തിരിച്ചു വന്നപ്പോള്‍ ഭീമന്‍  ‘ ഇന്നത്തെ ഭിക്ഷ ’ കാണാന്‍ അമ്മയെ വിളിച്ച പ്പോള്‍  അത് ദ്രൌപദിയാണെന്നറിയാതെയാണ് കുന്തി  ഐവരോടും പങ്കിട്ടെടുക്കാന്‍ പറഞ്ഞത്. തന്റെ വാക്ക് തെറ്റിപ്പോകാതെ പരിഹരിയ്ക്കാന്‍ കുന്തി വളരെ ദു;ഖത്തോടെ തന്നെയാണ് യുധിഷ്ഠിരനോട് ആവശ്യപ്പെട്ടതും. ദ്രുപദനും വ്യാസനും പാണ്ഡവരും അതെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും ‘ അനൃതത്തില്‍ബ്ഭയമെനിയ്ക്കതൊഴിയ്ക്കുവതെ ങ്ങനെ ’ എന്ന് കുന്തി ആരായുന്നുണ്ട്. പാണ്ഡവര്‍ വനവാസമനുഷ്ഠിയ്ക്കുന്ന കാലത്തും പുത്രരെ വിട്ട് പത്നീധര്‍മ്മമനുഷ്ഠിയ്ക്കുന്ന ദ്രൌപദിയുടെ ദു:ഖമെന്തെന്നു കുന്തിയ്ക്ക് മനസ്സിലാകുന്നുണ്ട്. യുദ്ധത്തിനു മടിയ്ക്കുന്ന യുധിഷ്ഠിരന്റെ വീര്യം ഉജ്ജ്വലിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നിടത്ത് ദ്രൌപദിയ്ക്ക് സഭയിലേററ അപമാനം തനിയ്ക്ക് മറക്കാനാകി ല്ലെന്നു പറയുന്നു. അവസാനയാത്രയ്ക്കൊരുങ്ങി നില്‍ക്കുമ്പോള്‍  യുധിഷ്ഠിരനു ഉപദേശം കൊടുക്കുന്ന സമയത്തും  ദ്രൌപദിയുടെ ഇഷ്ടങ്ങള്‍ പരിഗണിയ്ക്കണമെന്നോര്‍മ്മി പ്പിയ്ക്കുന്നു.


മാതൃത്വം

     കുന്തിയുടെ മാതൃത്വവും അവള്‍ക്കു വിധി നല്‍കിയ സവിശേഷമായ ഒരനുഭവമാണ്. മകനെ ഉപേക്ഷിച്ച അമ്മയായും ,മൂന്നു മക്കള്‍ക്ക്‌ പെററമ്മയായും ,രണ്ടു മക്കള്‍ക്ക്‌ പോറ്റമ്മയായും കുന്തിയ്ക്ക് ജീവിയ്ക്കേണ്ടി വന്നു. കര്‍ണ്ണനെ അപവാദഭീതികൊണ്ടു പേക്ഷിയ്ക്കുന്ന സമയത്തെ പ്രാര്‍ത്ഥനയിലും അവന്റെ  വളര്‍ച്ചയെക്കുറിച്ചുള്ള ചിന്തയിലും ഒരമ്മയുടെ മനോവ്യഥ മുഴുവന്‍ പ്രകടമാകുന്നുണ്ട്. കര്‍ണ്ണനെവിടെയെത്തിച്ചെര്‍ന്നുവെന്നു കുന്തി രഹസ്യമായന്വേഷിച്ച് മനസ്സിലാക്കുന്നുണ്ട്. പാണ്ഡവരെ ഒരുമിച്ചു നിര്‍ത്തുന്ന കുന്തി യ്ക്ക് പരാജയമറിയേണ്ടിവന്നിട്ടില്ല. വനവാസത്തിനൊരുങ്ങി നില്‍ക്കവേ ദ്രൌപദിയോട് സഹദേവനെ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്നുപദേശിയ്ക്കുമ്പോള്‍  പോറ്റമ്മയുടേതല്ല പെററമ്മയുടെ വാത്സല്യം തന്നെയാണ് കാണുന്നത്.തന്റെ മക്കളുടെ ദുര്‍വ്വിധിയോര്‍ത്ത് കന്തി കരഞ്ഞു , ജ്യേഷ്ഠന്മാര്‍ പോയ്ക്കൊള്ളട്ടെ നീയെന്റെ കൂടെ നില്‍ക്കണം ’ എന്ന് സഹദേവനോടാവശ്യപ്പെട്ടു. തന്റെ അഞ്ചുമക്കളോടുള്ള സ്നേഹം സഹദേവനില്‍ കാണാന്‍ കുന്തിയ്ക്ക് കഴിയുന്നുവെന്നല്ലേ അതിന്റെ അര്‍ത്ഥം . അജ്ഞാതവാസവും പൂര്‍ത്തിയായ തിനു ശേഷം യുധിഷ്ഠിരന്‍ യുദ്ധമൊഴിവാക്കാന്‍ ശ്രമിച്ചുകൊണ്ടിരിയ്ക്കേ , ഒരവസാനശ്രമ മെന്ന നിലയ്ക്ക്  കൃഷ്ണനെ ദൂതനായയച്ച പ്പോഴാണ് ഒരു ക്ഷത്രിയസ്ത്രീയെന്ന നിലയ്ക്ക് കുന്തി തന്റെ മൌനം ഭഞ്ജിയ്ക്കുന്നത്. ക്ഷത്രിയന്റെ ധര്മ്മമെന്തെന്നു വിദുളയുടെ കഥ യിലൂടെ ഓര്‍മ്മിപ്പിയ്ക്കുന്നിടത്ത് ആ ക്ഷാത്രവീര്യം മുഴുവന്‍ സകല ശക്തിയോടെ ബഹിര്‍ഗ്ഗമിയ്ക്കുന്നു.

     യുദ്ധം ഉറപ്പായതിനു ശേഷം കുന്തി താന്‍ മറച്ചു വെച്ച രഹസ്യം തന്റെ മൂത്ത പുത്രനോടു പറയാന്‍ തയ്യാറായി. കൃഷ്ണന്റെ വാക്കുകള്‍ കേട്ടിട്ടും കര്‍ണ്ണന്റെ മനസ്സ് മാറിയിരുന്നില്ല. മറുപക്ഷമേ ജയിയ്ക്കൂ എന്നുറപ്പുണ്ടായിട്ടു പോലും കര്‍ണ്ണന്‍ തനിയ്ക്ക് ദുര്യോധനനോടുള്ള ഋണബദ്ധതയോര്‍ത്തും , ഭീരുത്വഭീതിയോര്‍ത്തും കൃഷ്ണന്റെ ക്ഷണം നിരസിച്ചു. അക്കാര്യമറിയാതെയാണ്  കുന്തി കര്‍ണ്ണനെ ചെന്ന കണ്ടത്. അമ്മ കണ്മുന്നില്‍ വന്നു കരഞ്ഞപേക്ഷിച്ചപ്പോള്‍  ആ അപേക്ഷ നിരാകരിച്ചുവെങ്കിലും അര്‍ജ്ജുനനൊഴികെ മറ്റ് നാല്‍വരേയും താന്‍ വധിയ്ക്കില്ലെന്നു കര്‍ണ്ണനുറപ്പു കൊടുത്തു ; അര്‍ജ്ജുനനെ വധിയ്ക്കാന്‍ കഴിഞ്ഞാല്‍ കുന്തിയുടെ അടുക്കലെയ്ക്കെത്തിക്കൊള്ളാമെന്നും. കുന്തിയുടെ ഈ പ്രവൃത്തി യഥാര്‍ത്ഥത്തില്‍ പാണ്ഡവരെ രക്ഷിയ്ക്കാനായിരുന്നുവോ ? കൃഷ്ണന്‍ കൂടെയുണ്ടായിരിയ്ക്കെ പാണ്ഡവരുടെ ജീവന് അപായം വരുമെന്ന് കുന്തി ഭയക്കാനിട യില്ല ; ഭയന്നത് കര്‍ണ്ണന് സംഭവിച്ചേയ്ക്കാവുന്ന മരണത്തെത്തന്നെയായിരിയ്ക്കണം. തുറന്നുപറഞ്ഞാല്‍ വീരനായ കര്‍ണ്ണന്‍ അതംഗീകരിയ്ക്കില്ലെന്ന് കുന്തിയ്ക്ക് നന്നായി അറിയാം. കര്‍ണ്ണന്‍ പാണ്ഡവ പക്ഷത്തേയ്ക്കുള്ള ക്ഷണം സ്വീകരിച്ചിരുന്നുവെങ്കില്‍  ആ ജന്മരഹസ്യം എല്ലാവരും അറിയുമായിരുന്നു. കുന്തി തന്റെ സല്‍പ്പേരിനേക്കാള്‍ മാതൃത്വ ത്തിന് തന്നെയാണ് പ്രാധാന്യം കൊടുത്തതെന്നതിനു തെളിവാണിത്. അപ്പോഴും അവള്‍ ധര്‍മ്മനിഷ്ഠയ്ക്ക് തന്നെ മുന്‍ ഗണന കൊടുത്തുവെന്നു മാത്രം. അല്ലങ്കില്‍ തന്റെ വാക്കുകള്‍ നിരസിയ്ക്കില്ലെന്നുറപ്പുള്ള  യുധിഷ്ഠിരനോടിക്കാര്യം പറയാമായിരുന്നു. അതറിഞ്ഞാല്‍ യുധിഷ്ഠിരന്‍ യുദ്ധത്തില്‍ നിന്ന് പിന്‍ മാറുകയും രാജ്യം കര്‍ണ്ണന് നല്‍കുകയും ചെയ്യും.  കര്‍ണ്ണനത് ദുര്യോധനനു സമര്‍പ്പിയ്ക്കും. അങ്ങനെ ജയം അധര്‍മ്മപക്ഷത്തിനാകും. അതൊഴിവാക്കാനായിരുന്നു കുന്തിയുടെ ഈ പ്രവൃത്തി . അംഗീകൃതരായ മക്കളെ രക്ഷിയ്ക്കാന്‍ തന്റെ അഭിമാനത്തിന്റെ പേരില്‍ ഒരിയ്ക്കല്‍ താനുപേക്ഷിച്ച മകനെ, അവന്റെ ആയുധപാടവമോര്‍ത്തു ഭയന്ന്  മാതൃത്വത്തിന്റെ പേരില്‍ ചൂഷണം ചെയ്യാനൊ രുങ്ങിയതാണ് കുന്തി എന്ന് കരുതുന്നത് നിരര്‍ത്ഥകമാണ്. അഭ്യാസപ്രകടന വേളയില്‍ വേദിയിലെത്തിയ കര്‍ണ്ണനെ കണ്ടു ബോധമറ്റ്‌ നിലം പതിച്ച , ബോധം വന്നപ്പോള്‍ യുദ്ധോദ്യുക്തരായി നില്‍ക്കുന്ന തന്റെ മക്കളെക്കണ്ട് പരിഭ്രാന്തയായ കുന്തിയുടെ മാതൃത്വ ത്തെ സംശയിയ്ക്കേണ്ടതില്ല.


ധര്‍മ്മപരായണയായ കുന്തി

കുന്തിയുടെ ധര്‍മ്മബോധം ഏറ്റവും പ്രകടമാകുന്നത് ധൃതരാഷ്ട്രരും ഗാന്ധാരിയും വാനപ്രസ്ഥത്തിനൊരുങ്ങുന്ന വേളയിലാണ്. ഒരു സര്‍വ്വനാശകരമായ യുദ്ധത്തിനു ശേഷം മക്കള്‍ താനുദ്ദേശിച്ചപോലെ അര്‍ഹിച്ച രാജ്യാവകാശം നേടിയപ്പോള്‍ രാജമാതാവായി രിയ്ക്കുന്നതിനു പകരം ധൃതരാഷ്ട്രരേയും ഗാന്ധാരിയേയും , ഒരനുജത്തിയെന്ന നിലയ്ക്ക് ഗുരുജനങ്ങളാക്കി കണക്കാക്കി കൂടെ വാനപ്രസ്ഥത്തിനൊരുങ്ങുകയാണ് കുന്തി ചെയ്തത്. അവര്‍ കൂടി ഉപദേശിച്ചിട്ടും ,മക്കള്‍ കരഞ്ഞപേക്ഷിച്ചിട്ടും കുന്തി പിന്തിരിഞ്ഞില്ല. ജനിച്ച കാലം തൊട്ട് തനിയ്ക്ക് നിഷേധിയ്ക്കപ്പെട്ട രാജൈശ്വര്യങ്ങള്‍ കുറച്ചു കാലത്തേയ്ക്കെ ങ്കിലും അനുഭവിയ്ക്കാമെന്ന ഭോഗാസക്തി  കുന്തിയ്ക്കുണ്ടായിരുന്നില്ല.അവിടെയും സ്വധര്‍മ്മപരിപാലനത്തില്‍ കുന്തി വീഴ്ച വരുത്തിയില്ല. എങ്കില്‍ എന്തിനു തങ്ങളെ ക്കൊണ്ട് സര്‍വ്വവിനാശകരമായ യുദ്ധം ചെയ്യിച്ചു , കാടു തന്നെ മതിയായിരുന്നില്ലേ എന്ന് യുധിഷ്ഠിരനും ഭീമനും ചോദിച്ചപ്പോള്‍                                          

          എന്‍  ഭര്‍ത്താവിന്റെ വന്‍ രാജ്യഫലം പണ്ടേറ്റു മക്കളേ                                           
          മഹാദാനം നല്‍കി വിധി പോലെ ഹോമം കഴിച്ചു ഞാന്‍                                         
          എനിയ്ക്ക് വേണ്ടിയല്ലാ ഞാന്‍ പ്രേരിപ്പിച്ചിതു കൃഷ്ണനെ                                           
          വിദുളാ വാക്കു വഴിയായ് പാലനയ്ക്കതു ചെയ് വു ഞാന്‍                                                 

എന്നാണ് കുന്തി പ്രതിവചിച്ചത് . കുറച്ചു ദിവസങ്ങള്‍ക്കു ശേഷം തന്നെ കാണാനെത്തിയ യുധിഷ്ഠിരനും സഹദേവനും തന്നോടൊപ്പം കാട്ടിലേയ്ക്കു വരികയാണെന്ന് നിര്‍ബ്ബന്ധം പിടിച്ചപ്പോള്‍  ‘ സഹദേവനോട് മുഷിയരുത്‌ , കര്‍ണ്ണനെ ഓര്‍ക്കണം ,പാഞ്ചാലിയ്ക്കി ഷ്ടമായ രീതിയില്‍ നില്‍ക്കണം ,അനുജന്മാരെ ഒന്നിച്ചു നിര്‍ത്തണം ,കുലഭാരം നിന്നിലാണ് ’ എന്നുപദേശിച്ച്  കുന്തി യുധിഷ്ഠിരനെ പിന്തിരിപ്പിച്ചു. സഹദേവനേയും അവന്റെ സ്നേഹം തന്റെ തപസ്സിനു വിഘാതമാവുകയാണ്‌ എന്ന് പറഞ്ഞ് തിരിച്ചയച്ചു. ഇവിടെയും ആ അചഞ്ചലമായ ധര്‍മ്മബോധമാണ് പ്രകടമാകുന്നത്.


വിധിവിഹിതമേവനും ലംഘിച്ചു കൂടുമോ ?

     വിധിയെ പൌരുഷം കൊണ്ട് ജയിയ്ക്കാനാവില്ല എന്ന് മഹാഭാരതത്തില്‍ പല സന്ദര്‍ഭങ്ങളിലും ആവര്‍ത്തിച്ചു പറയുന്നുണ്ട്. അതിനൊരുത്തമ ദൃഷ്ടാന്തമാണ് കുന്തിയുടെ ജീവിതം. ദുര്‍വ്വാസാവിനു ഇത്തരമൊരു മന്ത്രം തന്നെ കൌമാരത്തിലെയ്ക്ക് കാലൂന്നുന്ന കുന്തിയ്ക്ക് കൊടുക്കാന്‍ തോന്നിയത്  ദേവകാര്യം നിര്‍വ്വഹിയ്ക്കാന്‍  പ്രാപ്തരായ മക്കള്‍ക്ക്‌ ജന്മം നല്‍കാന്‍  പ്രാപ്തിയുള്ളവളാണ് കുന്തിയെന്നു തോന്നിയത്  കൊണ്ടാകണം. ധര്‍മ്മിഷ്ഠ നായിരിയ്ക്കണം തന്റെ മകനെന്നു പ്രാര്‍ത്ഥിച്ചിട്ട് സൂര്യദേവനില്‍ നിന്ന് ലഭിച്ച മകന്‍ അധര്‍മ്മികളുടെ പക്ഷത്ത് പെട്ടു പോയതും വിധിയുടെ കളി തന്നെ. പാണ്ഡുവില്‍ നിന്നൊ രവസരം ലഭിച്ചിട്ട് പോലും കര്‍ണ്ണന്റെ ജന്മരഹസ്യത്തെപ്പറ്റി പറയാന്‍ തോന്നാതിരുന്നതും, ആ മകന്‍ തന്നെ തന്റെ മക്കള്‍ക്ക്‌ ശത്രുവായിത്തീര്‍ന്നതും , ധര്‍മ്മത്തിനു വേണ്ടി ഇത്ര അടിയുറച്ചു  നിന്നിട്ടും ഒടുവില്‍ സ്വന്തം മകനില്‍ നിന്നു പോലും – യുധിഷ്ഠിരന്‍ – ശാപ മേല്‍ക്കേണ്ടി വന്നതും വിധി വൈപരീത്യം തന്നെ. ഇത്ര കടുത്ത നിരാസങ്ങള്‍ കുന്തിയ്ക്ക് വിധി ഒരുക്കിയതുതന്നെ താന്‍ കരുതിവെച്ചിരിയ്ക്കുന്ന ഓരോ ദുരനുഭവവും ശാന്തമായി ,നിശ്ശബ്ദമായി അനുഭവിയ്ക്കാനവള്‍ക്ക് ശക്തി നല്‍കാനാകണം. ദുര്‍വ്വാസാവിന്റെ സല്‍ക്കാരം മുതല്‍ അവസാനം കാട്ടുതീയിലുള്ള ആത്മസമര്‍പ്പണം വരെ ഓരോ സന്ദര്‍ഭവും അവളുടെ കരുത്തിനു നിദര്‍ശനങ്ങളാണ്.


     മക്കളെ ശരിയ്ക്കു മനസ്സിലാക്കിയ അമ്മയായിരുന്നു കുന്തി. കര്‍ണ്ണനോട്  മാത്രമായി അവന്റെ ജന്മരഹസ്യം പറഞ്ഞതും , യുധിഷ്ഠിരനോടത് പറയാതിരുന്നതും വിദുളയുടെ കഥ പറഞ്ഞു കൊടുത്ത്  ‘ ക്ഷത്രിയസ്ത്രീ പെറ്റിടുന്നതെന്തിനക്കാലമായിതേ ’ എന്നു പറഞ്ഞ്  യുധിഷ്ഠിരന്റെ യുദ്ധവീര്യം വളര്‍ത്തിയതും , ഭീമനെ ബകവധത്തിനയച്ചതുമൊക്കെ അവരുടെ വീര്യവും ധര്‍മ്മബോധവും, കരുത്തുമൊക്കെ ശരിയ്ക്കു മനസ്സിലാക്കിയതു കൊണ്ടു തന്നെ. കൃഷ്ണന്റെ ആശ്രിതവാത്സല്യത്തിലും  കുന്തിയ്ക്ക് ഉറച്ച വിശ്വാസമുണ്ടായി രുന്നു. അച്ഛന്‍പെങ്ങളുടെ വാത്സല്യത്തേക്കാള്‍ ഭക്തിയാണ് കൃഷ്ണനോടുള്ള ബന്ധത്തില്‍  മുന്നിട്ടു നില്‍ക്കുന്നത്. അച്ഛന്റെ നിരാസം തൊട്ട് താനനുഭവിച്ച ദു:ഖങ്ങളെല്ലാമെടുത്തു പറയുന്നതും ഒരു നീണ്ടകാലം വിദുരഗൃഹത്തില്‍ കഴിയേണ്ടി വന്ന തന്റെ പരാശ്രയത്തെ ക്കുറിച്ച്  പറഞ്ഞു കരയുന്നതും കുന്തി തന്റെ കരുത്തരായ മക്കളുടെ മുന്നില്‍ വെച്ചല്ല , കൃഷ്ണന്റെ മുന്നിലാണ്. തന്റെ മക്കളുടെ വിജയത്തിനു വിശ്വാസമര്‍പ്പിയ്ക്കുന്നതും കൃഷ്ണനില്‍  ത്തന്നെ. ഇത്ര മൂകമായി, ഇത്ര  ധര്‍മ്മനിഷ്ഠയോടെ, ഇത്ര കരുത്തോടെ ജീവിച്ച  മറ്റൊരു സ്ത്രീയില്ല പുരാണത്തിലെന്നു പറയാം. മകളായാലും, ഭാര്യയായാലും, അമ്മയായാലും കുന്തി അനന്വയ തന്നെ.



(കാളീചക്ര 2010
ശ്രീ രുധിരമഹാകാളിക്കാവ് പൂരം സ്മരണിക
കുമരനെല്ലൂര്‍) 





Friday, April 12, 2013

നിഴല്‍പ്പാടുകള്‍ നിറഞ്ഞ മനസ്സിന്റെ എത്താക്കയങ്ങളിലേയ്ക്ക്


        

            ബാഹ്യലോകത്ത് ഒറ്റപ്പെട്ടു പോകുന്നവരുടെ ആന്തരികലോകം 

ചലനാത്മകമായിരിയ്ക്കും. മോഹങ്ങളും, മോഹഭംഗങ്ങളും, നിരാശയും, 

ദ്വേഷവുമെല്ലാം  അവിടെ ദൃഢമായിരിയ്ക്കും. ആ ദൃഢത 

തീരുമാനങ്ങള്‍ക്കുമുണ്ടായിരിയ്ക്കും. സ്വന്തം നാശത്തില്‍ പോലും താല്പര്യം  

തോന്നുന്ന ഒരവസ്ഥ ഇവിടെ ജനിച്ചേയ്ക്കാം. ഓര്‍മ്മകളില്‍ വേദനയായി 

അവശേഷിച്ചവരെല്ലാം മനസ്സില്‍ നിഴലുകള്‍ സൃഷ്ടിയ്ക്കാം. 

യഥാര്‍ത്ഥരൂപത്തെക്കാള്‍  അവ്യക്തമായ നിഴലുകളാണല്ലോ 

അസ്വസ്ഥതയുണ്ടാക്കുക. ഇങ്ങനെ അസ്വാസ്ഥ്യത്തിന്റെ നിഴല്‍പ്പാടുകള്‍ 

മനസ്സിലേന്തി ജീവിയ്ക്കേണ്ടി വരുന്ന ഒരു പെണ്‍കുട്ടിയുടെ 

ആകുലതകളാണ് രാജലക്ഷ്മി തന്റെ ‘ഒരു വഴിയും കുറെ നിഴലുകളും’ എന്ന 

നോവലില്‍ അപഗ്രഥിയ്ക്കുന്നത്. 


കാന്തപഥിക


        ഏതൊരു വ്യക്തിയുടെയും പ്രകൃതം അവരുടെ കുട്ടിക്കാലം തൊട്ടേ 

യുള്ള അനുഭവസാഹചര്യങ്ങളാല്‍ സ്വാധീനിയ്ക്കപ്പെട്ടിരിയ്ക്കും. 

അമ്മയുടെ വാത്സല്യം അനുഭവിച്ചുവളരേണ്ട കാലത്ത് തന്നെ അമ്മയില്‍ 

നിന്നകന്നു ജീവിയ്ക്കേണ്ടി  വന്നവളാണിതിലെ കേന്ദ്രകഥാപാത്രം –രമണി. 

ഒരു മാനസികമായ  പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റല്‍ തന്നെ. അമ്മയുടെ 

ശരീരത്തോടൊട്ടിപ്പിടിച്ചു  വളരേണ്ട ശൈശവം അവള്‍ക്കു നഷ്ടപ്പെട്ടു. 

രമണിയെ സംബന്ധിച്ചിടത്തോളം അമ്മയുടെ സാന്നിദ്ധ്യമെന്നത് എന്നും 

സന്ധ്യയ്ക്ക്  മുടങ്ങാതെ രോഗശയ്യയില്‍ കിടക്കുന്ന അമ്മയെ ചെന്ന് 

കാണുന്ന ചടങ്ങാണ്. അതവളില്‍ മടുപ്പാണുളവാക്കിയത്. അവിടെ നിന്ന് 

തുടങ്ങുന്നു അവളുടെ അന്യതാബോധം , അരക്ഷിതത്വം . അതാണ്‌ ഒന്നിലും , 

ആരിലും  അഭയം കണ്ടെത്താന്‍ കഴിയാത്തത്ര അവളുടെ മനസ്സിനെ 

വിഹ്വലമാക്കിയത്. അവളുടെ ചിന്തകളും , പിടിവാശികളും , തീരുമാനങ്ങളും 

ജനിയ്ക്കുന്നത് ഈ കലങ്ങിയ മനസ്സില്‍ നിന്നാണ്.

        അച്ഛന്‍ , അമ്മ , ചെറിയമ്മ , അമ്മൂമ്മ , അനുജന്‍മാര്‍  - ഇങ്ങനെ 

ഉറ്റവരുടെ  ഇടയില്‍ ഏകയായി ജീവിയ്ക്കേണ്ടി വന്നവളാണ് രമണി. ഈ 

ഏകാന്തത അവളുടെ സങ്കല്‍പ്പങ്ങള്‍  സൃഷ്ടിച്ചതാണെന്ന് തോന്നും. 

രോഗിണിയായ അമ്മയുടെ സാന്നിദ്ധ്യം അവളാഗ്രഹിച്ചിരുന്നില്ല. അമ്മ 

അവളെയും അനുജനെയും അടുത്ത് നിര്‍ത്തി അവരുടെ ആരോഗ്യകാര്യങ്ങള്‍  

ശ്രദ്ധിയ്ക്കുമായിരുന്നു. അതൊന്നും അവളെ ആശ്വസിപ്പിച്ചില്ല. 

പ്രസവത്തോടെ മാനസികമായി കൂടി തളര്‍ന്ന അമ്മയെ ശുശ്രൂഷിയ്ക്കാനോ   

സാന്ത്വനിപ്പിയ്ക്കാനോ അവള്‍ ശ്രമിയ്ക്കുന്നില്ല. കുട്ടി തൊട്ടിലില്ലാത്ത 

സമയത്തും  ഒഴിഞ്ഞ തൊട്ടിലാട്ടിക്കൊണ്ട്‌  അമ്മ പാടുമ്പോഴും , 

ആരോഗ്യമില്ലാത്ത കുഞ്ഞു നിര്‍ത്താതെ കരയുമ്പോഴും അവള്‍ക്കു അമര്‍ഷം 

തോന്നുന്നു. നിസ്സഹായതയും , അനുകമ്പയും തോന്നിയെന്ന് 

പറയുന്നുണ്ടെങ്കിലും അവളതു വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ 

പ്രകടമാക്കുന്നില്ല. അമ്മയുടെ സ്ഥാനം ഏറ്റെടുത്ത ചെറിയമ്മയോടവള്‍ക്ക് 

ദേഷ്യമായിരുന്നു. ഒരിയ്ക്കലും അവരുടെ നല്ല വാക്കുകള്‍ പോലും അവള്‍ 

വകവെയ്ക്കുന്നില്ല. ഒരു ദിവസം അമ്മയും ചെറിയമ്മയും ഒന്നിച്ചിരുന്നു 

സംസാരിച്ചു കരയുന്നത് കണ്ടപ്പോള്‍ താന്‍ ചെറിയമ്മയെക്കുറിച്ച് 

കരുതിയിത്  തെറ്റായിരുന്നുവോ എന്ന് സംശയിച്ചുവെങ്കിലും അവള്‍ തന്റെ 

ശീലം മാറ്റാന്‍ തയ്യാറായിരുന്നില്ല.

        അച്ഛന്‍ കര്‍ക്കശനായിരുന്നുവെങ്കിലും രമണിയുടെ കാര്യങ്ങളില്‍വീഴ്ച 

വരുത്തിയിരുന്നില്ല. പഠനകാര്യങ്ങളിലും വിവാഹക്കാര്യത്തിലുമൊക്കെ 

യഥാസമയം യഥാവിധി പ്രവര്‍ത്തിയ്ക്കാന്‍ അയാള്‍ തയ്യാറായിട്ടുണ്ട്. 

മകളുടെ പഠനം പൂര്‍ത്തിയായി കാണണമെന്നും യോഗ്യനായ 

ഒരാളെക്കൊണ്ട് അവളെ വിവാഹം ചെയ്യിയ്ക്കണമെന്നും അയാള്‍ 

ആഗ്രഹിച്ചു. ധിക്കാരം കാണിച്ചുവെങ്കിലും അവളെ വീണ്ടും 

പഠിപ്പിയ്ക്കാനുമയാള്‍ തയ്യാറായിരുന്നു. പക്ഷെ അവള്‍ക്കെന്നും അച്ഛനോട് 

പ്രതിഷേധമായിരുന്നു. കുട്ടിക്കാലത്ത്  അവളതു പ്രകടിപ്പിച്ചത് 

അച്ഛനിഷ്ടമല്ലാത്ത കൊച്ചച്ഛനോട് അടുത്തുകൊണ്ടായിരുന്നു. തന്റെ വീട്ടില്‍ 

കാണാത്ത സ്നേഹം നിറഞ്ഞ അന്തരീക്ഷം അവള്‍ കണ്ടത് 

അച്ഛന്‍പെങ്ങളായ അമ്മുച്ചെറിയമ്മയുടെ കുടുംബത്തിലായിരുന്നു. അവരുടെ 

ഭര്‍ത്താവിനെ  കൊച്ചച്ഛനെന്നും , മകന്‍ വിക്രമനെ അപ്പേട്ടനെന്നും അവള്‍ 

വിളിച്ചു. തന്നെ ധിക്കരിച്ചു ഇഷ്ടപ്പെട്ട ആളുടെ കൂടെ ഇറങ്ങിപ്പോയ 

പെങ്ങളുടെ വീട്ടില്‍  തന്റെ മകള്‍ പോകുന്നത്  

അച്ഛനിഷ്ടമല്ലായിരുന്നു. ആ 

അനുസരണക്കേടിനാണ് അയാള്‍ അവളെ 

ആദ്യമായി അടിച്ചത്. അപ്പോള്‍  

‘ ഉള്ളിലെവിടെയോ ഒരു ചങ്ങല അറ്റു ’ 

എന്നാണവള്‍ ചിന്തിച്ചത് ! 

കഥാന്ത്യത്തില്‍ അപ്പേട്ടനെ സ്വീകരിയ്ക്കാന്‍ 

തയ്യാറായപ്പോള്‍  

“ ചോദിച്ചാല്‍   അച്ഛന്‍ സമ്മതിയ്ക്കില്ല ചോദിയ്ക്കേണ്ട ആവശ്യവുമില്ല ” 

എന്ന് അറുത്തുമുറിച്ചു നിഷേധിയ്ക്കാനും അവള്‍ക്കു മടിയുണ്ടായിരുന്നില്ല. 

ഒരൊളിച്ചോട്ടത്തിന്റെയും  ദുഷ്പേരിന്റെയും പേരില്‍ 

വെറുപ്പുണ്ടായിരുന്നുവെങ്കിലും  തന്റെ പെങ്ങള്‍ക്ക് കൊടുക്കേണ്ട സ്വത്തില്‍ 

യാതൊരു കുറവും അയാള്‍ വരുത്തിയിട്ടില്ല. ഇതൊന്നും ചിന്തിയ്ക്കാനുള്ള 

ക്ഷമ രമണി ഒരിയ്ക്കലും കാണിച്ചിട്ടില്ല.


പ്രണയകാലം


        വീട്ടില്‍ നിന്നകലെയുള്ള കോളേജും ഹോസ്റ്റലും രമണിയ്ക്ക് 

സ്വാതന്ത്ര്യത്തിന്റെ ലോകമായിരുന്നു. അപ്പോഴും അവള്‍ അപ്പേട്ടനുമായുള്ള 

ബന്ധം കത്തുകളിലൂടെ തുടര്‍ന്നിരുന്നു. കൊച്ചച്ഛന്റെ ആകസ്മികമായ 

മരണം ആഘാതമായപ്പോള്‍  അപ്പേട്ടനു പഠനം തുടരാനായില്ല , നല്ല ജോലി 

കിട്ടിയതുമില്ല. ആദ്യമൊക്കെ അയാളെ സാന്ത്വനിപ്പിച്ചു കൊണ്ടുള്ള കത്തുകള്‍  

അവള്‍ ഇടവിടാതെ അയച്ചിരുന്നു. പക്ഷേ ക്രമേണ കോളേജ് 

ജീവിതത്തിന്റെ ലഹരിയില്‍ അവള്‍ അയാളില്‍ നിന്നും അകന്നു. നല്ലൊരു 

വിദ്യാര്‍ത്ഥിനിയും സാഹിത്യകാരിയായും അംഗീകരിയ്ക്കപ്പെട്ട രമണിയ്ക്ക്  

ആരാധകരും കാമുകരുമുണ്ടായി. തന്റെ കൂട്ടുകാരിയായ അമ്മുവിന്‍റെ ചേട്ടന്‍ ; 

സഹപാഠികളായ ബാലചന്ദ്രന്‍, ഗോപിനാഥമേനോന്‍ ; വത്സലശിഷ്യയായി 

തന്നെ കണക്കാക്കിയിരുന്ന പണിയ്ക്കരുമാസ്റ്റര്‍  - ഇങ്ങനെ ക്യാമ്പസ് 

അപവാദകഥകളില്‍ തന്റെ   കാമുകരുടെ എണ്ണം കൂടി വന്നത് അവള്‍ 

കാര്യമായെടുത്തില്ല. രമണി നിരസിച്ചപ്പോള്‍ അവളില്‍ 

താല്പര്യമുണ്ടായിരുന്നുവെങ്കിലും അമ്മുവിന്‍റെ ചേട്ടന്‍ അവളെ ഒരു 

പെങ്ങളായി കണക്കാക്കാന്‍ തയ്യാറായി. തന്റെ സഹപാഠികളായ 

കാമുകരെയും  അവള്‍ നിരാകരിച്ചു. പണിയ്ക്കരുമാസ്റ്റരുമായുള്ള ബന്ധം 

ഗുരുശിഷ്യബന്ധം മാത്രമായിരുന്നു.

        കോളേജ് മാസികയില്‍ താനെഴുതിയ കവിതയും , മലയാളം 

അദ്ധ്യാപകനായ മാധവമേനോനെഴുതിയ കവിതയും തമ്മിലുണ്ടായിരുന്ന 

ആശയപരമായ സാമ്യമാണ് രമണിയുടെ മനസ്സില്‍ അയാളോടുണ്ടായിരുന്ന 

ആരാധനയ്ക്കും പ്രണയത്തിനും വഴിയൊരുക്കിയത്. മുമ്പ് അപ്പേട്ടന്‍

കവിതയിലൂടെ പകര്‍ന്നു നല്‍കിയ കാല്‍പനികസങ്കല്‍പ്പങ്ങള്‍  

അതിമധുരമായ കവിതകളായി പുനര്‍ജ്ജനിച്ചു. പക്ഷേ അവള്‍ 

ആരുമറിയാതെ വളര്‍ത്തിയെടുത്ത പ്രണയാവേശം തെറ്റായ 

തീരുമാനമായിരുന്നുവെന്ന് അമ്മുവിന്‍റെ ചേട്ടന്‍   

ബോദ്ധ്യപ്പെടുത്തിക്കൊടുത്തപ്പോള്‍ , താനുദ്ദേശിച്ച പ്രണയത്തിന്റെ താരള്യ

മൊന്നുമല്ല , പ്രായോഗികതയുടെ കണക്കുപുസ്തകമാണയാളുടെ 

മനസ്സിലെന്നറിഞ്ഞപ്പോള്‍ അവള്‍ സ്വപ്നങ്ങളുടെ തകര്‍ച്ചയിലായി. 

പഠിയ്ക്കാനോ, പരീക്ഷ നന്നായി എഴുതാനോ കഴിഞ്ഞില്ല. തന്നെ 

ഇഷ്ടപ്പെട്ടു വന്നവരെ തള്ളിപ്പറയാന്‍ അവള്‍ക്കു തന്റേടമുണ്ടായിരുന്നു , 

അച്ഛന്‍ നിശ്ചയിച്ച നല്ല വിവാഹാലോചന നിഷേധിയ്ക്കാനും 

ധൈര്യമുണ്ടായി. യാതൊരു മുന്‍പരിചയവുമില്ലാത്ത ആളുമായി മൂകപ്രണയം 

സ്ഥാപിയ്ക്കുമ്പോഴും അതിന്റെ നഷ്ടത്തില്‍ ആകെ തകരുമ്പോഴും ആ 

മനക്കരുത്തില്ലാതെ പോയി.


ഞാനെന്ന ഭാവം


       കുട്ടിക്കാലത്ത് ശര്‍ക്കരയും  അപ്പവും കൊടുത്തിരുന്ന , കഥകള്‍ 

പറഞ്ഞു കൊടുത്തിരുന്ന വെളിച്ചപ്പാടിനേയും ; വേലയ്ക്കു കൊണ്ടുപോയി 

കുപ്പിവളയും ബലൂണും മേടിച്ചു കൊടുത്ത , എപ്പോഴും ചിരിയോടെയും 

സ്നേഹത്തോടെയും സംസാരിച്ചിരുന്ന കൊച്ചച്ഛനേയുമാണ്  അവളേറെ 

സ്നേഹിച്ചത്. ഒരുപക്ഷെ അങ്ങനെയുള്ള വാത്സല്യമാകാം അവളാഗ്രഹിച്ചത്. 

പക്ഷേ തന്നെപ്പോലെത്തന്നെ അമ്മയുടെ സ്നേഹം നഷ്ടപ്പെട്ട 

അനുജന്മാര്‍ക്കത്  പകര്‍ന്നു കൊടുക്കാന്‍ അവള്‍ക്ക് തോന്നുന്നില്ല. ഇളയ 

അനുജന്‍ ജനിയ്ക്കാനിരിയ്ക്കുന്നുവെന്നറിയുമ്പോള്‍ അവളുടെ ചിന്ത 

അതൊരധികപ്പറ്റാണെന്നായിരുന്നു. ആ കുട്ടിയെപ്പറ്റി ചിന്തിയ്ക്കാനോ 

സംസാരിയ്ക്കാനോ അവളിഷ്ടപ്പെടുന്നില്ല. തന്നെക്കാള്‍ ഒരു വയസ്സ് 

താഴെയുള്ള , കുട്ടിക്കാലം മുതല്‍ക്കേ എപ്പോഴും കൂടെയുള്ള  അനുജനോടും 

അവള്‍ക്കത്രയ്ക്കടുപ്പമൊന്നുമില്ല. രണ്ടനുജന്മാരും അവളോടേറെയടുക്കുന്ന 

ചില  സന്ദര്‍ഭങ്ങളുണ്ടാകുന്നുണ്ടെങ്കിലും അതൊരു ദൃഢമായ 

ആത്മബന്ധമായി വളര്‍ത്തിയെടുക്കാന്‍ അവള്‍ ശ്രമിയ്ക്കുന്നില്ല.  

സ്വയം ദു:ഖിയ്ക്കുന്നുവെന്നല്ലാതെ ആരുടെയും സഹതാപം രമണി 

ആഗ്രഹിച്ചില്ല.ആരോടും ആത്മാര്‍ത്ഥമായി സഹതപിയ്ക്കാന്‍ അവള്‍ക്കു 

കഴിഞ്ഞതുമില്ല. സഹതാപത്തിലൂടെ തന്റെ പ്രണയം പിടിച്ചുപറ്റാന്‍ ശ്രമിച്ച  

ബാലചന്ദ്രനോടവള്‍ക്ക്  അവജ്ഞയാണല്ലോ തോന്നിയത്. 

അവള്‍ക്കൊരിയ്ക്കലും  താന്‍ പലരോടും കാണിച്ച അവഗണനയില്‍ 

ആത്മനിന്ദ തോന്നിയിട്ടില്ല. പലപ്പോഴും ഒരു നിഷേധിയുടേയോ 

അഹംഭാവിയുടേയോ പ്രതീതിയാണിവളുണ്ടാക്കുന്നത്. പഠനത്തിലും 

കവിതയിലും മാത്രം ശ്രദ്ധിച്ച് ചുറ്റുമുള്ള അപവാദങ്ങള്‍ പോലും അറിയാതുള്ള 

ജീവിതത്തിലും , ആരാധകരുടെ കാര്യത്തിലും , പ്രണയനിരാസങ്ങളിലു 

മൊക്കെ ഒരഹംബോധമാണ് കാണുന്നത്. തന്റെ മറ്റൊരു നോവലിന് 

രാജലക്ഷ്മി കൊടുത്ത പേര് 'ഞാനെന്ന ഭാവം'  എന്നാണ്  

എന്നതും ഇവിടെ ശ്രദ്ധേയമായി തോന്നുന്നു.

        താനൊരു വിഡ്ഢിയാണെന്ന് ഗോപിനാഥമേനോനുമായുള്ള 

ബന്ധംപറഞ്ഞവസാനിപ്പിച്ച സമയത്താണ് അവള്‍ക്കു തോന്നുന്നതെങ്കിലും 

ശരിയ്ക്കും അത് അര്‍ത്ഥവത്താണെന്നു തോന്നുക പ്രണയനൈരാശ്യത്തിന്റെ 

പേരില്‍ പരീക്ഷ നന്നായെഴുതാതിരുന്നതിലും വീണ്ടും പഠിയ്ക്കാനും ജോലി 

ചെയ്യാനും കിട്ടിയ അവസരങ്ങള്‍ നിഷേധിച്ചതിലുമൊക്കെയാണ്. തന്നെ 

ചതിച്ചുവെന്നു തോന്നിയ മാധവമേനോനെ ഒരുറച്ച നോട്ടം കൊണ്ട് 

തളര്‍ത്താന്‍ കഴിഞ്ഞവളാണ് രമണി. പക്ഷേ മനസ്സ് 

തോല്‍ക്കുന്നുണ്ടായിരുന്നു, കീഴടങ്ങുന്നുണ്ടായിരുന്നു. “ കണ്ണുനീരിന്റെ 

ആശ്വാസമറിയാത്ത പ്രകൃതം, ഒടിയുകയല്ലാതെ വളയുകയില്ല ” എന്ന് 

നോവലിസ്റ്റ് അവളെക്കുറിച്ച് മുന്‍പേ കുറിച്ചിട്ടത് ഇവിടെ ചേര്‍ത്ത് 

വായിയ്ക്കണം.


ചപലതകള്‍


       കുട്ടിക്കാലം തൊട്ടേ തനിയ്ക്ക് പരിചയമുള്ള അപ്പേട്ടന്റെ സ്നേഹം  

രമണി മനസ്സിലാക്കിയിരുന്നു. തനിയ്ക്ക് വേറാരുമില്ല, തന്നെ വിട്ടു പോകല്ലേ 

എന്ന അയാളുടെ വിലാപം അവളുടെ മനസ്സില്‍ 

അനുകമ്പയുണര്‍ത്തിയിരുന്നു. ഇവരുടെ ബന്ധം വഴി മാറുന്നതറിഞ്ഞാണ്‌ 

അച്ഛനവളെ അകലെയുള്ള കോളേജില്‍ ചേര്‍ത്തതും ഹോസ്റ്റലില്‍ 

നിര്‍ത്തിയതും. അപ്പോഴാണ്‌ സ്വാതന്ത്ര്യത്തിന്റെ സുഖത്തോടെ അവള്‍ 

അപ്പേട്ടന്റെ കത്തുകള്‍ കാത്തിരിയ്ക്കുകയും ദീര്‍ഘമായ മറുപടികള്‍ 

അയയ്ക്കുകയും ചെയ്തത്. അവളെ കവിതയുടെ 

ലോകത്തേയ്ക്കാനയിച്ചതും അവളുടെ ഭാവനയെ ഉണര്‍ത്തിയതും 

വളര്‍ത്തിയതും അയാളായിരുന്നു. വളരെ മുമ്പൊരിയ്ക്കല്‍ അയാളയച്ച 

കത്ത് തനിയ്ക്ക് കിട്ടും മുമ്പേ അച്ഛന്‍ കൈക്കലാക്കി വായിച്ചു 

നശിപ്പിച്ചുവെന്നത് കൊണ്ടുമാത്രം ആ പ്രണയം അവളറിഞ്ഞില്ല എന്ന് 

വിചാരിയ്ക്കാനാവില്ല. എന്നിട്ടും അവള്‍ തന്റെ വിളക്ക് 

കത്തിയ്ക്കപ്പെടുകയുണ്ടായില്ല എന്ന് വിലപിച്ചു, മാധവമേനോനെ 

പ്രണയിച്ചു. കവിതകളുടെ സമാനത മാത്രമാണ് ആ 

പ്രണയത്തിലേയ്ക്കവളെ നയിച്ചത്. അയാളുടെ കണ്ണുകളുടെ വശ്യതയാണ് 

അവളെ ആ ബന്ധത്തില്‍ പിടിച്ചു നിര്‍ത്തിയത്. ആരോടും , അയാളോട് 

പോലും പറയാത്ത ആ മൂകപ്രണയത്തിന്റെ അപ്രായോഗികതയെപ്പറ്റി 

അവള്‍ ചിന്തിച്ചില്ല. ആ പ്രണയം വിഫലമായി എന്നതുകൊണ്ട് മാത്രമാണ് 

അവള്‍ അപ്പേട്ടനെ സ്വീകരിയ്ക്കാന്‍ തയ്യാറായത്. അച്ഛന്‍ നിര്‍ദ്ദേശിച്ച 

വിവാഹാലോചന അവള്‍ നിഷേധിച്ചത് തന്നോടുള്ള ഇഷ്ടം 

കൊണ്ടാണെന്ന് കരുതി സന്തോഷിച്ച അപ്പേട്ടന്‍ തന്നെ 

സ്വീകരിയ്ക്കണമെന്ന അപേക്ഷയുമായി മുന്നിലെത്തിയപ്പോള്‍ അയാള്‍ക്ക് 

മരുന്നാണ്, ഭാര്യയല്ല ആവശ്യം എന്ന് നിര്‍ദ്ദാക്ഷിണ്യം അവള്‍ 

ചിന്തിയ്ക്കുന്നു. തന്റെ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെട്ടു 

കഴിഞ്ഞിരിയ്ക്കുന്നുവെന്ന ദുഖമാണവളെ ഒരു ക്ഷയരോഗിയുടെ ഭാര്യയാകുക 

എന്ന ത്യാഗത്തിലേയ്ക്ക് നയിച്ചത്. അവള്‍ സ്വയം അതൊരു 

ത്യാഗമാണെന്നു തന്നെ കരുതുന്നുണ്ടെങ്കിലും ശരിയ്ക്കും 

അങ്ങനെയായിരുന്നുവോ ? അവളുടെ അനുഭവങ്ങള്‍ അറിയില്ല എന്നത് 

കൊണ്ടാണ് അപ്പേട്ടന്റെ മനസ്സ് തകരാഞ്ഞത്. താന്‍ മുമ്പേ സ്വയം 

സൃഷ്ടിച്ചിരുന്ന  തടവറയിലേയ്ക്ക് സ്വയം ചുരുണ്ടുകൂടുകയായിരുന്നു അവള്‍. 

എഴുതാപ്പുറത്തേയ്ക്കൊന്നു കണ്ണോടിച്ചാല്‍ കാണാനാകുന്നത് രമണിയുടെ 

അഹങ്കാരവും  പ്രണയവും പോലെ ത്യാഗവും വ്യര്‍ത്ഥമാണെന്നുതന്നെയാണ്.

ചെറിയ കുട്ടിയായിരിയ്ക്കുമ്പോള്‍  രമണിയുടെ മനസ്സ് ദൃഢമായിരുന്നു. 

വെളിച്ചപ്പാടിനേയോ അയാളുടെ മരണത്തേയോ അവള്‍ ഭയന്നില്ല. സന്ധ്യ 

കഴിഞ്ഞ നേരത്തും കുന്നിന്‍പുറത്ത് ഒറ്റയ്ക്ക് നടക്കാന്‍ അവള്‍ പേടിച്ചില്ല. 

അനുജന്‍ ഗോപുവിനെപ്പോലെ അനുസരണശീലം അവള്‍ക്കുണ്ടായിരുന്നില്ല. 

വേലക്കാരി കുഞ്ഞിയമ്മയില്‍ നിന്നാണവള്‍ക്ക് തന്റെ കുടുംബാംഗങ്ങളെപ്പറ്റി 

ധാരണയുണ്ടാകുന്നത്. രോഗിണിയായ അമ്മയെ ശുശ്രൂഷിയ്ക്കാന്‍ വന്നു ആ 

സ്ഥാനം ചെറിയമ്മ കൈയേറിയതാണെന്നും , ആണ്‍കുട്ടിയായതുകൊണ്ട് 

ഗോപുവിനെയാണ് അമ്മൂമ്മയ്ക്ക് കൂടുതല്‍ ഇഷ്ടമെന്നും കുഞ്ഞിയമ്മയാണ് 

രമണിയ്ക്ക് പറഞ്ഞുകൊടുക്കുന്നത്. ആ ധാരണകളാണ് അവളുടെ 

മനസ്സിനെ പിന്നെ മുന്നോട്ടു നയിയ്ക്കുന്നത്. വലുതായതിനു ശേഷവും 

അവളതിന്റെ സത്യങ്ങള്‍ തേടാന്‍ ശ്രമിച്ചതുമില്ല. അച്ഛനോടെതിര്‍ത്ത്  

സംസാരിയ്ക്കാനും പ്രവര്‍ത്തിയ്ക്കാനും അവള്‍ക്കു ധൈര്യമുണ്ടായി. പക്ഷേ 

ഈ ദൃഢത പിന്നീടുള്ള ജീവിതത്തില്‍ യഥാവിധി പുലര്‍ത്താന്‍ രമണിയ്ക്ക് 

കഴിഞ്ഞില്ല.
        
        പഠിയ്ക്കാന്‍ ദൂരേയ്ക്ക് പോവുകയെന്നത് ഒരു രക്ഷപ്പെടലായി 

തോന്നിയെങ്കിലും പോകാനുള്ള സമയമടുത്തപ്പോള്‍ അവള്‍ക്കു 

വീട്ടില്‍ത്തന്നെ കഴിഞ്ഞാല്‍ മതിയെന്നായി. കോളേജിലെ ജീവിതവുമായി 

പൊരുത്തപ്പെട്ടപ്പോള്‍ മനസ്സുമാറി. അപവാദങ്ങളില്‍ മനസ്സുലയാതെ നിന്നു. 

പക്ഷേ പ്രണയത്തകര്‍ച്ചയില്‍ കോളേജ് ഒരു ശാപമാണെന്ന് തോന്നി. 

പഴയ കൂടു തന്നെയാണ് അഭയസ്ഥാനമെന്നായി. കവിതയില്‍ മുങ്ങിപ്പോയ 

അവളുടെ മുഗ്ദ്ധഭാവങ്ങള്‍ വരച്ചിട്ട ഒരു സങ്കല്പചിത്രമായിരുന്നു 

മാധവമേനോനുമായുള്ള പ്രണയം . അമ്മുവിന്‍റെ ചേട്ടന്‍ ആ തെറ്റിദ്ധാരണ 

മാറ്റാനെത്തിയപ്പോള്‍ ആദ്യം അയാളോട് ദേഷ്യം തോന്നി. പിന്നെ 

ചിന്തിച്ചപ്പോഴാണ് അയാള്‍ തന്റെ നന്മയാണുദ്ദേശിച്ചതെന്നു വ്യക്തമായത്. 

തന്റെ പ്രണയത്തിനു മേനോന്‍ അനര്‍ഹനാണെന്നറിഞ്ഞപ്പോള്‍ ഭാവി 

നന്നാക്കാന്‍ ശ്രമിയ്ക്കാനോ അവള്‍ക്കു കഴിയുന്നില്ല.


             “ കാത്തിരിയ്ക്കൂ എന്ന് പറഞ്ഞു കാത്തിരുന്നു അവസാനം 

ചതിയ്ക്കുന്നത് കഷ്ടമല്ലേ എന്ന് വിചാരിചിരിയ്ക്കും........
     
ചതിയ്ക്കുന്നതായിരുന്നു ഇതിലും ഭേദം.  ഈ വിലപേശലിനു പകരം 

ഇങ്ങോട്ട് ചുണ്ടോടടുപ്പിച്ചു പിടിയ്ക്കൂ. ഞാന്‍ മുഴുവന്‍ വലിച്ചൂറ്റിക്കുടിയ്ക്കട്ടെ 

എന്നാണ് പറഞ്ഞിരുന്നതെങ്കില്‍-

     പൂജയ്ക്കൊരുക്കിയത് കാല്‍ക്കല്‍ വെയ്ക്കൂ. ചവിട്ടി മെതിയ്ക്കട്ടെ 

എന്നാണ് പറഞ്ഞിരുന്നതെങ്കില്‍................”

എന്ന് അരുതാത്ത വിധം 

കാടുകയറിപ്പോകുകയായിരുന്നു മനസ്സിന്റെ 

ജല്പനങ്ങള്‍. ഗോപു കൂടെ നില്‍ക്കാനും , 

ധൈര്യം കൊടുക്കാനും , 

പിടിച്ചുയര്‍ത്താനും ശ്രമിച്ചിട്ടുപോലും 

വാശികാണിച്ച്  അവള്‍ പകരം 

വീട്ടിയത് തന്നോടുതന്നെയാണ്. തന്റെ 

പ്രണയഭംഗം ഒരു തോല്‍വിയായി 

കണക്കാക്കിയതിനാല്‍ ആ 

അപകര്‍ഷതാബോധത്തോടെയാണ് അവള്‍ 

രോഗാതുരമായ ജീവിതത്തിലേയ്ക്ക് പിന്തിരിഞ്ഞുനടന്നത്. കുട്ടിക്കാലത്തെ 

മനോദാര്‍ഡ്‌ഢയം  അവള്‍ക്കു നല്‍കിയത് പിടിവാശി കാണിയ്ക്കാനുള്ള 

പ്രവണതയാണ്. അതുതന്നെയാണ് സ്വയംനാശത്തിലേയ്ക്കുള്ള വഴി 

അറിഞ്ഞുകൊണ്ടുതന്നെ സ്വീകരിയ്ക്കാനുള്ള പ്രേരണയുണ്ടാക്കിയതും. ഈ 

സന്ദര്‍ഭങ്ങളിലെല്ലാം രമണിയില്‍ ചപലതയാണ് കാണുന്നത്. 

മനസ്സ് ഭാവനാസമ്പൂര്‍ണ്ണമാകുമ്പോഴുള്ള ദൌര്‍ബ്ബല്യമാണ്  രമണിയില്‍ 

പ്രകടമാകുന്നത്. വൈകാരികതയ്ക്ക് മുന്‍‌തൂക്കം നല്‍കുന്ന മനസ്സിന് 

എടുത്തുചാട്ടം കൂടുതലായിരിയ്ക്കും. അവള്‍ക്കാരോടും അടുക്കാന്‍ 

ഴിയുന്നില്ല. അടുക്കേണ്ടവരില്‍ നിന്നും അകലുക , 

അടുക്കാനിഷ്ടപ്പെടുന്നവരില്‍ നിന്നും അകലേണ്ടി വരിക – ഈ 

അന്തസംഘര്‍ഷങ്ങളാണ് രമണിയുടെ നിരാര്‍ദ്രമായ ഏകാന്തതയ്ക്ക് 

നിദാനം.


ഏകാന്തതയുടെ മൌനം


        തന്റെ വീടിനു പിന്നിലുള്ള കുന്നിന്‍പുമായിരുന്നു രമണിയുടെ 

കുട്ടിക്കാലത്തെ പ്രിയപ്പെട്ട സ്ഥലം. സ്കൂളിലേയ്ക്ക് പോകുന്നതതിലെ, 

കൊച്ചച്ഛനുമായി സംസാരിച്ചു നിന്നതവിടെ , സന്ധ്യ കഴിഞ്ഞ നേരത്തും 

ഒറ്റയ്ക്ക് ചെന്ന് നിന്നിരുന്നതുമവിടെ- അവള്‍ക്കു സാന്ത്വനവും വാത്സല്യവും 

പകര്ന്നുകൊടുത്തതവിടമായിരുന്നു , ‘അവളുടെ ഓരോ ഭാവവ്യത്യാസവും 

കണ്ട ആ കുന്നിന്‍പുറം' . കോളേജില്‍ നിന്നും തകര്‍ന്ന മനസ്സുമായി 

തിരിച്ചുവന്നപ്പോഴേയ്ക്കും ആ സ്ഥലം ഒരു പണക്കാരന്‍ വില കൊടുത്തു 

വാങ്ങി കെട്ടിടംപണി തുടങ്ങിയിരുന്നു. കാറ്റാടികളുടെ പരിഭവം കലര്‍ന്ന 

മൂളലാണവിടെ അവള്‍ കേട്ടത്. പകുതി പണിതീര്‍ന്ന പുരത്തറയില്‍ 

ചാരിനിന്നു അവളാദ്യമായി കരഞ്ഞു. ആ സ്ഥലത്തിന്റെ നഷ്ടം അവളുടെ 

മനസ്സിന്റെ നിരാലംബഭാവം തന്നെയാണ്. പകുതി പണിതീര്‍ന്ന പുരത്തറ 

അവളുടെ സഫലമാകാത്ത പ്രണയവും. ഇങ്ങനെയുള്ള ഇമേജുകളും, 

കാല്പനികതയുടെ മാധുര്യം നിറഞ്ഞ  വര്‍ണ്ണനകളും നോവലിസ്റ്റ് ഹൃദ്യമായി  

നിബന്ധിച്ചിട്ടുണ്ട്.
       
        ഈ റൊമാന്റിക് പരിവേഷമൊഴിച്ചാല്‍ കഥാപാത്രസൃഷ്ടിയില്‍ 

നോവലിസ്റ്റ് റിയലിസ്റ്റിക്കാണെന്നു തോന്നുന്നു. ശാലീനയായോ 

സര്‍വ്വംസഹയായോ ഒന്നും തന്റെ കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ 

അവര്‍ ശ്രമിച്ചിട്ടില്ല. ഒരു മാതൃകാകഥാപാത്രത്തെ അവതരിപ്പിയ്ക്കുകയെന്ന 

ലക്ഷ്യവും ഇവിടെ കാണുന്നില്ല. അനുസരണടും , ദേഷ്യവും , വാശിയും , 

വെറുപ്പും , നിരാശയും തുടങ്ങി എല്ലാ  ദൌര്‍ബ്ബല്യങ്ങളുമുള്ള സാധാരണ 

മനുഷ്യന്റെ പകര്‍പ്പ് തന്നെയാണ് രമണി. ഒരിയ്ക്കലും ന്യായീകരിയ്ക്കാന്‍ 

കഴിയാത്ത തലങ്ങളിലേയ്ക്കാണ് അവളുടെ പ്രവൃത്തികള്‍ കടന്നുചെല്ലുന്നത്. 

ഈ കഥാനായികയില്‍ ഒരു ഹൃദയശുദ്ധിയും കണ്ടെത്താനാകില്ല. ത്യാഗമെന്ന 

ഭാവത്തില്‍ അവള്‍ തന്നോടും മറ്റുള്ളവരോടും പ്രതികാരമായി ചെയ്യുന്ന 

കാമുകസ്വീകാരവും ഇവിടെ ഒളിയറ്റുപോകുകയാണ്. ചിലപ്പോള്‍ ഉള്‍വലിവ്, 

ചിലപ്പോള്‍ ബഹിര്‍മ്മുഖത്വം –ഈ വിരുദ്ധഭാവങ്ങള്‍ തമ്മിലുള്ള 

പോരാട്ടമാണ് രമണിയുടെ മാനസികസംഘര്‍ഷങ്ങള്‍ക്ക്  ആധാരം. ഈ 

സംഘര്‍ഷങ്ങളാണ്  പലപ്പോഴും നൈരാശ്യങ്ങളുണ്ടാക്കുന്നതും , 

ആത്മവിനാശകാരിയായ തീരുമാനങ്ങളെടുക്കാന്‍ അവളെ 

പ്രേരിപ്പിയ്ക്കുന്നതും. മുഗ്ദ്ധസങ്കല്പങ്ങള്‍ അണിയിച്ചൊരുക്കുന്ന  

മൂഢസ്വര്‍ഗ്ഗത്തെ ജീവിതമെന്ന് തെറ്റിദ്ധരിയ്ക്കുന്ന കാല്‍പനിക 

സ്വപ്നങ്ങളാണീ  ആത്മനൊമ്പരങ്ങള്‍ക്ക്‌  കാരണം. പ്രണയത്തെ 

പ്രണയിയ്ക്കുന്ന തരളഭാവങ്ങള്‍ രാജലക്ഷ്മിയുടെ സാഹിത്യലോകത്തു  

മിക്കവാറും പ്രകടമാകുന്നു. ഇതിന്റെ നിരാസമോ, ത്യാഗമോ ആണ് 

കഥാപാത്രങ്ങളെ നിരാശയിലോ , പകയിലോ , വെറുപ്പിലോ പ്രകടമോ 

പരോക്ഷമോ ആയ സ്വയംഹത്യയിലോ കൊണ്ടുചെന്നെത്തിയ്ക്കുന്നത്. 

ആധുനിക നോവലുകളിലെത്തിയപ്പോഴേയ്ക്കും 

നായകസ്ഥാനത്ത് 

നില്‍ക്കുന്ന കഥാപാത്രങ്ങളുടെ 

സ്വഭാവനിബന്ധനത്തില്‍ വന്ന മാറ്റം ഇവിടെ 

കണ്ടുതുടങ്ങുന്നു. സദ്ഗുണസമ്പന്നരോ 

സഹതാപാര്‍ഹരോ അല്ല എല്ലാ 

മനുഷ്യരുമെന്ന സത്യം , ഇത്തരക്കാരേ 

നായകസ്ഥാനത്തിനര്‍ഹരാവൂ 

എന്നില്ല എന്ന യാഥാര്‍ത്ഥ്യം എഴുത്തുകാരുള്‍ക്കൊള്ളുന്നുവെന്നതിനു 

സാക്ഷ്യമാണിത്തരം കൃതികള്‍ .
        
        മലയാളനോവലിന്റെ ദശാപരിണാമങ്ങളില്‍ എം. ടി. യോടോപ്പമാണ് 

രാജലക്ഷ്മിയെ പരാമര്‍ശിച്ചു കാണുന്നത്. തന്നിലേയ്ക്കൊതുങ്ങി 

തന്നോടുതന്നെ സംവദിയ്ക്കുന്നവരെ ഇവരുടെ ലോകത്താണ് കൂടുതല്‍ 

കാണുന്നത്.ഇരുവരുടെയും ഇത്തരം അന്യവല്‍ക്കരിയ്ക്കപ്പെട്ട 

കഥാപാത്രങ്ങളെ മുന്‍നിര്‍ത്തിയാകാം ഈ സാമ്യകല്പന. ( ഒട്ടേറെ 

വ്യത്യാസങ്ങളുമുണ്ട് ). ഇവിടെ രമണിയുടെ  ഏകാന്തത സ്വയംസൃഷ്ടമാണ്. 

അന്തര്‍മ്മുഖത്വമാണീ കഥാപാത്രത്തിന്റെ പ്രകൃതം. ഈ മൌനത്തെ 

അപഗ്രഥിയ്ക്കേണ്ടത്  വാചാലത കൊണ്ടാണ്. കാരണം മൌനത്തിന്റെ 

ആവരണത്തിനുള്ളില്‍ നിരന്തരം വാചാലമാകുന്ന ഒരു മനസ്സ് ഇവിടെ 

കാണാം.ആ മനസ്സിനേറ്റ  മുറിവുകളും , അതിന്റെ വേദനയും , ദേഷ്യവും , 

ഇച്ഛാഭംഗവും , മൂല്യച്യുതിയും , പ്രതിഷേധവുമെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച 

ആ കലാപഭൂമികയില്‍ നമുക്കന്വേഷിച്ചലയാന്‍ പല മേഖലകളുണ്ട്.
        
        ‘ഒരു വഴിയും കുറെ നിഴലുകളും’ എന്ന നോവലിന്റെ 

സമീപകാലങ്ങളിലായി മലയാളത്തിലുണ്ടായ പല നോവലുകളുമായി 

താരതമ്യം ചെയ്തു നോക്കുമ്പോള്‍ ( നാലുകെട്ട് , സുന്ദരികളും സുന്ദരന്മാരും , 

മുത്തശ്ശി............. തുടങ്ങിയവ ) അവയ്ക്കൊപ്പം നില്‍ക്കുന്ന ഒരു മികച്ച 

നോവലാണിതെന്നു പറയാനാവില്ല.    പെണ്ണെഴുത്തുമായി താരതമ്യം 

ചെയ്യുമ്പോഴുമതെ . നോവലിനെ ഇകഴ്ത്തുകയല്ല ഉദ്ദേശ്യം. 

താരതമ്യങ്ങള്‍ക്കപ്പുറം   ഇത് നോവലിസ്റ്റിന്റെ പ്രഥമനോവലാണെന്നതും , 

ആ പരിമിതിയെ മറികടക്കുന്നതാണിതിന്റെ രചനാസൌഭഗമെന്നതും , 

കേരളസാഹിത്യഅക്കാദമി അവാര്‍ഡിനര്‍ഹമാകത്തക്ക മേന്മ 

ഇതിനുണ്ടെന്നതും ഓര്‍ക്കേണ്ടതുണ്ട്. മുന്‍പേ പോയവരില്‍ നിന്നും  പിറകെ 

വന്നവരില്‍ നിന്നും വ്യത്യസ്തമായ ഒരൊറ്റയടിപ്പാത സൃഷ്ടിയ്ക്കാന്‍ 

രാജലക്ഷ്മിയ്ക്ക് കഴിഞ്ഞുവെന്നതും അനിഷേധ്യമാണ്. ഈ 

നോവലിനേക്കാള്‍ മേന്മ പുലര്‍ത്തുന്ന രചനകളും നോവലിസ്റ്റ് എഴുതിയിട്ടുണ്ട്. 

ഇനിയുമെഴുതാന്‍ വിധി അവസരങ്ങളൊരുക്കിയിരുന്നുവെങ്കില്‍ ഈ 

രചനകളുടെയൊക്കെ പിന്തുടര്‍ച്ചക്കാര്‍ എവിടെയെത്തുമായിരുന്നുവന്നു 

തലയുയര്‍ത്തിനോക്കുമ്പോഴാണ് നഷ്ടത്തിന്റെ മൂല്യം കൂടുതലറിയുക.

സമൂഹത്തിന്റെ ദുരിതങ്ങളും ,പ്രശ്നങ്ങളും  വിഷയമാക്കിയെഴുതിയ 

സോദ്ദേശ്യകൃതികളായിരുന്നു രാജലക്ഷ്മിയ്ക്ക് മുന്‍പേ നമ്മുടെ 

സാഹിത്യലോകത്തിനു പരിചിതമായിരുന്നത്. ഇതിവൃത്തം വ്യക്തിമനസ്സിന്റെ 

മേച്ചില്‍പ്പുറങ്ങളാകുന്ന ഒരു രീതി അന്നത്തെ സാഹിത്യലോകത്തിനു ഒരു 

നൂതനാനുഭവമായിരുന്നു. അമ്പതുവര്‍ഷത്തിനിപ്പുറവും ഈ കൃതി 

വായിയ്ക്കുമ്പോള്‍ ഇതൊരു പഴഞ്ചന്‍ സൃഷ്ടിയായോ , മടുപ്പുളവാക്കുന്ന ഒരു 

രചനയായോ തോന്നുന്നില്ല. കാരണം സമൂഹത്തിന്റെ മാറ്റത്തിനൊത്ത് 

വ്യക്തിയുടെ ഉപബോധമനസ്സിനു കാര്യമായ മാറ്റം സംഭവിയ്ക്കുന്നില്ല 

എന്നതു തന്നെ. അല്പമൊക്കെ സ്വാധീനമുണ്ടാകുമെന്നല്ലാതെ സമൂലമായ ഒരു 

പരിവര്‍ത്തനം സ്വാഭാവികമല്ല. വ്യക്തിമനസ്സിന്റെ ആശയങ്ങളും 

ചിന്താഗതികളും അതിലെ വിഹ്വലതകളും , മോഹങ്ങളും , മോഹഭംഗങ്ങളും 

സാര്‍വ്വകാലികമായ മാനങ്ങളുള്ളതാണ്. അതുകൊണ്ട് ഇത്തരം കൃതികള്‍ 

കാലഹരണപ്പെടുന്നില്ല.



(കലാകൌമുദി  2012 ജൂലൈ 22 )