വാഗ്ദേവീസ്തുതി
രാഗം : രീതിഗൌള
താളം : മിശ്രചാപ്പ്
(താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ഗാനം കേള്‍ക്കാം )
പല്ലവി
മധുരസ്വരങ്ങള്‍ നിറയ്ക്കുകെന്നില്‍
സ്വച്ഛമാം ചിത്തത്തിലറിവായുയിരാര്‍ന്നു
സ്വച്ഛന്ദമായ് നീ വളരുകെന്നും
അനുപല്ലവി
ഒരു സുധാബിന്ദുവായ് നീയാത്മാവില്‍ നിപതിയ്ക്കേ
മായാമോഹങ്ങളകലേണം (2)
അറിവിന്റെ നാളമായാത്മാവില്‍ തെളിയേണം
ജ്വാലയായാളിപ്പടരേണം (2)
വാണീദേവി..............
ചരണം 1
ജ്ഞാനത്തിന്‍ ഗഗനാന്തരാളത്തിന്‍ ഗഹനത
യിങ്കല്‍ നീയെന്നും നയിയ്ക്കുകെന്നെ (2)
അറിവിന്‍ നിറവായി കനിവിന്‍ നനവായി
നന്മതന്നുണ്മയായ് നീ നിറയൂ (2)
ചരണം 2
നിത്യോപാസിതയായ് നീയെന്‍ മാനസ
സരസീരുഹത്തിലിരുന്നരുളുകെന്നും (2)
സാരസ്വതാമൃതവരദാനമെന്റെ
സഹസ്രാരപദ്മത്തില്‍ മധുവാകണം (2)
ചരണം 3
നല്ല വാക്കായ് നാവില്‍ സ്നേഹമായ് ചിത്തത്തില്‍
കരുണയായ് ചെയ്തിയില്‍ നീയണയൂ
അക്ഷരമായെന്നില്‍ നിറേയണം
അക്ഷയമായെന്നും വിളങ്ങേണം
ചരണം 4
ഒരു നെയ്ത്തിരിയായെരിഞ്ഞടങ്ങുമ്പോള്‍
കച്ഛപീ നാദ ചൈതന്യമേകൂ
ആപാതമധുരം നാദനിര്‍ത്ധരിയില്‍
ആലോചനാമൃതമാകട്ടെ വാക്കുകള്‍
അജ്ഞാനതിമിരത്തില്‍ നിന്നു നീയെന്നും
ജ്ഞാനജ്യോതിസ്സിലേയ്ക്കു നയിയ്ക്കുകെന്നെ
വാണീദേവി..............
രചന : സുജയ
സംഗീതം ,ആലാപനം : കോമളം ഗോപാലകൃഷ്ണന്‍