Thursday, April 11, 2013

അനസൂയ ഉറങ്ങുകയാണ്‌



     അനസൂയ ഉറങ്ങുകയാണ്‌ . ഒട്ടുംഗൌരവമില്ലാതെ, യാതൊരസ്വസ്ഥത 

യുമില്ലാതെ, നിസ്സംഗമായി . ഒരിത്തിരി  തീര്‍ഥജലത്തിന്റെ   

നൈര്‍മ്മല്യത്തോടെ  അവളുറങ്ങുന്നു.

                           
      അറിഞ്ഞപ്പോള്‍  പെട്ടെന്ന്‍  അവിശ്വാസമോ, വിഭ്രമമോ  ഒക്കെ

തോന്നിയെങ്കിലും  പതിവില്ലാത്ത    ശാന്തതയോടെ  അവളുറങ്ങുന്നതു 

കണ്ടപ്പോള്‍  അല്പമൊരാശ്വാസവും   തോന്നിപ്പോയി.  ഉറക്കം  എന്നും  

അവള്‍ക്ക്  അന്യമായിരുന്നു. ഒരു  ചെറിയ  അനക്കം   മതിയായിരുന്നു  

അവളുടെ  ഉറക്കം  കെടുത്താന്‍ .  പക്ഷേ  ഇപ്പോഴിതാ  ഓടിയോടിത്തളര്‍ന്നു-

വീണുറങ്ങും    പോലെ.....

                             
     ഒരുപാടു  രാത്രികളുടെ  ഉറക്കമുണര്‍ന്നുകിടക്കുന്ന  കണ്ണുകളും ,   

ആ  വാടിയ പുഞ്ചിരിയും  നിശ്ശബ്ദമായ  സന്ധ്യാവേളകളാണ്   

എന്റെ മനസ്സിലുണര്‍ത്തിയിരുന്നത്.  എത്രയോ  കുറച്ചു   സമയമേ ഒന്നിച്ചു-

ണ്ടായിട്ടുള്ളൂവെങ്കിലും  അവളെന്റെ  മനസ്സിലെ നിത്യ സാന്നിധ്യമായിരുന്നു.  

അപ്പോഴൊക്കെ   അവള്‍  എനിക്ക്   വിചിത്രമായ  ഒരനുഭൂതിയായി മാറുന്ന

തെന്തേയെന്ന്     ഞാനത്ഭുതപ്പെട്ടു  . എന്നേക്കാള്‍  എത്രയോ പ്രായം

കുറഞ്ഞവളായിട്ടും പലപ്പോഴും   അവളുടെ   കവിഞ്ഞ   പക്വതയും 

ശാന്തതയും  എന്നില്‍  അത്ഭുതവും അപകര്‍ഷതയുമാണല്ലോ 

ഉണര്‍ത്തിയിരുന്നത്‌ .  അവളുടെ  വേദനകളിലേക്കും  വിഹ്വലതകളിലേക്കും  

ഇറങ്ങിച്ചെല്ലാന്‍   എനിക്കൊരിക്കലുമായില്ലല്ലോ. 


     അവള്‍ക്കെല്ലാമിഷ്ടമായിരുന്നു.  നിറങ്ങള്‍ , ശബ്ദങ്ങള്‍ ,  സംഗീതം .......


എന്നിട്ടും  എല്ലാറ്റില്‍ നിന്നും  അവള്‍ അകന്നതെന്തേ?  

അറിയുന്നതും,അറിയാത്തതുമായ  ഒരുപാടു നൊമ്പരങ്ങളും പേറി  അവള്‍  

വരുമ്പോള്‍  ഉള്ളില്‍  അശാന്തിയുടെ  കടലിരമ്പുന്നുണ്ടെന്നറിയാമായിരുന്നിട്ടും 

 ഒന്നും  ചോദിക്കാനായില്ല.  ഒന്നും  പറയാനുമായില്ല.  എനിക്കൊരു നല്ല 

സുഹൃത്താകാന്‍  കഴിഞ്ഞില്ലല്ലോ.

                                               
     ഒരു  നേര്‍ത്ത  ശബ്ദം കേട്ടാല്‍ പോലും അവള്‍   ഞെട്ടിയുണരുമായിരുന്നു.


എന്നിട്ടിപ്പോള്‍ ............ശബ്ദകോലാഹലങ്ങള്‍ക്കു  നടുവില്‍.......

ഒരുപാടു ചന്ദനത്തിരികളുടെ സുഗന്ധത്തിനിടയില്‍ ..........

ഒന്നുമറിയാതെ.........ഒരു  നെടുവീര്‍പ്പു  പോലെ......വേണ്ട. 

അടുപ്പത്തിന്റെയും    രക്തബന്ധങ്ങളുടെയും  കണ്ണീരിനടിയില്‍ 

ഇനിയെല്ലാം ഒറ്റയ്ക്ക്  കയ്യടക്കാമെന്ന  ആശ്വാസമുണ്ട് , സന്തോഷമുണ്ട് .....

അവള്‍ ഒന്നുമറിയാതെ  ഉറങ്ങിക്കോട്ടെ .....

ഇന്നലെകളുടെ  ഓര്‍മ്മകളില്ലാതെ , സ്വസ്ഥമായി .........

                                      --------------------------------------





യുവചൈതന്യം ഓഗസ്റ്റ്‌  2006

No comments:

Post a Comment