എന്റെ ഭര്‍ത്താവിന്റെ വലിയൊരാഗ്രഹമായിരുന്നു നഗരമദ്ധ്യത്തില്‍
ഒരാഡംബരഗൃഹം. എന്റെ അച്ഛനമ്മമാരോടു ചോദിച്ചും ചോദിപ്പിച്ചും വലിയൊരു
തുക സംഘടിപ്പിച്ചു സങ്കല്പത്തിനൊത്ത ഒരു വീടും, കാറും നേടിയപ്പോള്‍ അദ്ദേഹം
ഒരുവിധം സംതൃപ്തനായി.
വീടിന്റെ അലങ്കരണത്തിനു തുടക്കം കുറിച്ചത് അദ്ദേഹം തന്നെ
യാണ്_ കുറെ ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങി എപ്പോഴും അണിഞ്ഞൊരുങ്ങി
യിരിയ്ക്കണമെന്നോരു പ്രണയപൂര്‍വ്വമായ ശാസനയും ഉദ്യോഗത്തിനൊന്നും
പോകേണ്ടെന്നൊരു താക്കീതും ചേര്‍ത്ത് എനിയ്ക്ക് തന്നു ! ശേഷം അലങ്കരണം
ഞാനേറ്റെടുത്തു. എന്നും അദ്ദേഹം ഓഫീസില്‍ നിന്നു വരുമ്പോള്‍ വിസ്മയി
പ്പിയ്ക്കാന്‍ പാകത്തിന് ഞാന്‍ വീടിന്റെ ഓരോ ഭാഗങ്ങള്‍അലങ്കരിച്ചു. കിണ്ടിയും,
ഉരുളിയും,പലതരം നിലവിളക്കുകളും, പറയും, നാഴിയും,തൂക്കുവിളക്കുകളുമെല്ലാം
വീടിന്റെ വിവിധ ഭാഗങ്ങളില്‍ ഗംഭീര്യത്തോടെ സ്ഥാനമുറപ്പിച്ചു . എന്റെകലാചാതുരി
കണ്ട് സന്തുഷ്ടനായി അദ്ദേഹം എനിയ്ക്ക് ധാരാളം സമ്മാനങ്ങളും ആന്റിക്
വസ്തുക്കളും വാങ്ങിത്തന്നു.സുഹൃത്തുക്കള്‍ക്കിടയില്‍ അദ്ദേഹം എന്റെ കലാബോധ
ത്തിനു നല്ല പ്രചരണം നല്‍കുന്നുണ്ടെന്ന് തോന്നി .അവരുടെ ഭാര്യമാര്‍ വീടിന്റെ
മുക്കും മൂലയും പരിശോധിച്ച് 'ഫന്‍റ്റാസ്‌റ്റിക് ', 'ഇന്‍റ്റീരിയര്‍ഡക്കറേഷന്‍
പഠിച്ചിട്ടുണ്ടോ' എന്നൊക്കെ എന്നോടു ചോദിയ്ക്കുമ്പോള്‍ അദ്ദേഹം അഭിമാന
പുരസ്സരം സുസ്മേരവദനനായി നോക്കി നിന്നു.
കുറേ മോഡേണ്‍ വസ്ത്രങ്ങളും ആന്റിക്മെറ്റീരിയല്‍സ് തേടിയുള്ള
യാത്രയ്ക്ക് ഒരു സ്കൂട്ടിയും വാങ്ങിത്തന്നതോടെ അടുക്കള വേലക്കാരിയ്ക്ക്
വിട്ടുകൊടുത്ത് ഞാന്‍ ക്യൂരിയോസ്കോര്‍ണറിലേയ്ക്ക് ഇടയ്ക്കിടെ യാത്രയായി.
പഴമയും,പുതുമയും ഞങ്ങളുടെ വീട്ടില്‍ കൈകോര്‍ത്തു പിടിച്ചങ്ങനെ ഉല്ലസിച്ചു.
ഒരു ദിവസം അതിരാവിലെ എന്റെ മൊബൈലിലേയ്ക്ക് ‘മെനി
മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ ’ എന്നൊരു എസ്.എം.എസ് അയച്ച്
അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി ! വൈകുന്നേരം ഒരു ലക്ഷ്വറി ഹോട്ടലില്‍
വെച്ച് പാര്‍ട്ടിയും, ഒരു സര്‍പ്രൈസ് ഗിഫ്റ്റും ഓഫര്‍ ചെയ്ത് എന്റെ തിരക്കേറിയ
ഭര്‍ത്താവ് യാത്രയായി. അന്ന് ക്യൂരിയോസ് തേടി ഞാന്‍ പോയത് സ്കൂട്ടിയിലാ
യിരുന്നില്ല , ഒരു ടാക്സിയിലായിരുന്നു - മുലപ്പാലിന്റെ ഗന്ധവും , പഴങ്കഥയുടെ
കുളിരുമുള്ള ആന്റിക്മെറ്റീരിയല്‍സ് തേടി. ഭര്‍ത്താവ് തിരിച്ചെത്തും മുമ്പേ
വീട്ടിലെത്തി ആ ആന്റിക്മെറ്റീരിയല്‍സിന് ഫോയറിലെ കൊത്തുപണികളുള്ള
തേക്കിന്റെ ദിവാനില്‍ ചാരിതാര്‍ത്‌ഥ്യത്തോടെ സ്ഥാനം കൊടുത്ത് പതിവു പോലെ
ഞാന്‍ പുഞ്ചിരിച്ചുകൊണ്ട് വാതില്‍ക്കല്‍ കാത്തുനിന്നു. കാര്‍ പാര്‍ക്ക് ചെയ്ത്
ഇടംകൈയില്‍ ലാപ്ടോപ്പുമേന്തി ഊര്‍ജ്ജസ്വലനായി ചാടിക്കയറി വന്ന
അദ്ദേഹം ആ പഴമ നോക്കി വരുത്തിക്കൂട്ടിയ ചിരിയുമായി നിന്നു . എന്നെ
നോക്കിയ ആ കണ്ണുകളില്‍ അരിശത്തിന്റെ നിഴല്‍പ്പാടുകള്‍ ഞാന്‍ കണ്ടു .
കാര്യമറിയാതെ മരുമകന്റെ മുഖത്തേയ്ക്കു നോക്കി സംതൃപ്തിയോടെ പുഞ്ചിരി
യ്ക്കുകയായിരുന്നു എന്റെ അച്ഛനും അമ്മയും .